ബ്രഡ് വാങ്ങാൻ നിന്നവർക്കുമേൽ ബോംബിട്ട് ഇസ്രായേൽ

വെസ്റ്റ്ബാങ്ക്: ഗസ്സയിലെ കൂട്ടക്കുരുതിക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടും ആക്രമണം നിർത്താതെ ഇസ്രായേൽ സേന. ജബലിയ അഭയാർഥി ക്യാമ്പിൽ ബ്രഡ് വാങ്ങാൻനിന്നവർക്കു നേരെ അധിനിവേശ സേന നടത്തിയ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. ഐക്യരാഷ്ട്രസഭ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എയുടെ അൽഫഖൂറ സ്കൂളിന് മുന്നിലായിരുന്നു ആക്രമണം.

ഒരു ചെറിയ കടയിൽനിന്ന് ബ്രഡ് വാങ്ങാൻ കാത്തുനിന്നവർക്കു നേരെ ബോംബിടുകയായിരുന്നു. തിരക്കേറിയ പ്രദേശമാണിത്. 10 മാസത്തിനിടെ വീടും വിലപ്പെട്ടതുമെല്ലാം നഷ്ടപ്പെട്ട് പലായനം ചെയ്തു വന്ന ആയിരക്കണക്കിന് ഫലസ്തീനികൾ അഭയം തേടിയ സ്കൂളാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സയിൽ 37 ഫലസ്തീനികൾ കൊല്ലപ്പെട്ടതായും 67 പേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഖാൻ യൂനുസ്, റഫ നഗരങ്ങളിൽനിന്ന് 10 മൃതദേഹങ്ങൾ കണ്ടെടുത്തതായി അൽജസീറ റിപ്പോർട്ട് ചെയ്തു.

അതിനിടെ, അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സേനയുടെ വിനാശം ഏഴാം ദിവസവും തുടർന്നു. ജെനിനിൽ കഫർ ദാൻ പട്ടണത്തിൽ 16കാരിയെ ഇസ്രായേൽ സേന വെടിവെച്ചുകൊന്നു. തുൽകറം അഭയാർഥി ക്യാമ്പിൽ ഡ്രോൺ ആക്രമണത്തിൽ 14കാരനും കൊല്ലപ്പെട്ടു. 22 ഫലസ്തീനികളെ ഇസ്രായേൽ സേന അറസ്റ്റ് ചെയ്തതായി ഫലസ്തീനിയൻ പ്രിസണർസ് ക്ലബ് അറിയിച്ചു.

Tags:    
News Summary - Israel army bombs Palestinians buying bread near shelter centre in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.