ചിത്രശലഭങ്ങളെക്കുറിച്ച് പഠിക്കുന്നവരും എന്റമോളജിസ്റ്റുകളും ശലഭങ്ങളുടെ സഞ്ചാരപഥത്തെക്കുറിച്ച് കാലങ്ങളായി ഗവേഷണം നടത്തുന്നുണ്ട്. ഇപ്പോഴിതാ, വൻ സമുദ്രങ്ങൾ താണ്ടി മറുകരയെത്താനുള്ള ശേഷി ചിത്രശലഭങ്ങൾക്കുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. അന്റാർട്ടിക്ക, തെക്കൻ അമേരിക്ക എന്നിവിടങ്ങളിലൊഴികെ പൊതുവിൽ എല്ലായിടത്തും കാണപ്പെടുന്ന ‘പെയിന്റഡ് ലേഡി’ എന്ന ചിത്രശലഭമാണ് 4200 കിലോമീറ്ററിലേറെ പറന്ന് തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാന തീരത്തെത്തിയത്. ഉത്തരാഫ്രിക്കയിൽനിന്ന് ബ്രിട്ടനിലേക്ക് ദേശാടനം ചെയ്യുന്നുവെന്ന് നേരത്തെതന്നെ കണ്ടെത്തിയിരുന്ന ഈ ചിത്രശലഭം സമുദ്രം താണ്ടി ഇത്രയും ദൂരം സഞ്ചരിച്ചതിന്റെ വിശദാംശങ്ങൾ പ്രമുഖ ശാസ്ത്രജേണലായ നാച്വറിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഫ്രാൻസിലെ പ്രമുഖ എന്റമോളജിസ്റ്റ് ജെറാർഡ് ടലാവെര തെക്കൻ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലെ ഒരു ബീച്ചിൽ ‘പെയിന്റഡ് ലേഡി’യെ കണ്ടെത്തിയതോടെയാണ് കാര്യങ്ങൾ തിരിഞ്ഞത്. സാധാരണ ഇത് തെക്കൻ അമേരിക്കയിൽ കാണാറില്ല. ഇത് എങ്ങനെ ഇവിടെ വന്നു എന്ന അന്വേഷണമാണ് ദേശാടനത്തിന്റെ ചുരുളഴിച്ചത്.
ജെറാർഡ് ടലാവെരക്ക് ഫ്രഞ്ച് ഗയാനയിൽ കണ്ടെത്തിയ ‘പെയിന്റഡ് ലേഡി’യുടെ ചിറകിൽനിന്ന് പൂമ്പൊടിയുടെ അവശിഷ്ടങ്ങൾ ശേഖരിച്ചതാണ് പഠനത്തിൽ വഴിത്തിരിവായത്. പശ്ചിമ ആഫ്രിക്കയിൽ കാണപ്പെടുന്ന ചെടികളിൽ നിന്നുള്ള പൂമ്പൊടിയായിരുന്നു ശലഭച്ചിറകിലുണ്ടായിരുന്നത്. ജനിതക ശ്രേണീകരണം, ഐസോടോപ്പ് ട്രെയ്സിങ് എന്നീ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നടത്തിയ വിശദമായ പഠനത്തിൽ യൂറോപ്പിലും ആഫ്രിക്കയിലും കണ്ടുവരുന്ന ശലഭങ്ങൾ അറ്റ്ലാന്റിക് സമുദ്രം കടന്ന് തെക്കേ അമേരിക്കയിലെത്തുന്നു എന്ന് കണ്ടെത്തി. ചിത്രശലഭങ്ങളുടെ പറക്കലിന് സഹായകമാകുന്ന സമുദ്രക്കാറ്റുകളുടെ വിവരങ്ങളും ഇവർ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.