ലണ്ടൻ: അന്താരാഷ്ട്ര സമ്മർദങ്ങളുടെയും നീണ്ട ചർച്ചയുടെയും ഫലമായി വർഷങ്ങളുടെ തർക്കം അവസാനിപ്പിച്ച് ചാഗോസ് ദ്വീപ് മൗറീഷ്യസിന് വിട്ടുനൽകാൻ ബ്രിട്ടൻ സമ്മതിച്ചു. ബ്രിട്ടന്റെ ആഫ്രിക്കയിലെ അവസാനത്തെ കോളനിയായിരുന്ന മൗറീഷ്യസ് 1968ലാണ് സ്വതന്ത്രമായത്. മൗറീഷ്യസിൽനിന്ന് 1500 കിലോമീറ്റർ അകലെ കിടക്കുന്ന ചാഗോസ് ദ്വീപുകൾ 1814 മുതൽ ബ്രിട്ടന്റെ അധീനത്തിലായിരുന്നു.
അവരതു മൗറീഷ്യസിന്റെ ഭാഗമാക്കി ഭരിച്ചു. മൗറീഷ്യസിനു സ്വാതന്ത്ര്യം നൽകുന്നതിനു മുമ്പ് ചാഗോസിനെ വേർപെടുത്തുകയും ബ്രിട്ടീഷ് ഇന്ത്യാസമുദ്ര പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്തു. കോളനികൾക്ക് സ്വാതന്ത്ര്യം നൽകുന്നതിനുമുമ്പ് അവ വിഭജിക്കുന്നത് 1960ലെ യു.എൻ പ്രമേയത്തിന്റെ ലംഘനമാണെന്നും അതിനാൽ ചാഗോസ് തങ്ങൾക്ക് തിരിച്ചുകിട്ടണമെന്നുമായിരുന്നു മൗറീഷ്യസിന്റെ ആവശ്യം.
എന്നാൽ, അറുപതോളം ദ്വീപുകൾ അടങ്ങുന്ന ചാഗോസിന്റെ മേലുള്ള പരമാധികാരം തങ്ങൾക്കാണെന്നായിരുന്നു ബ്രിട്ടന്റെ അവകാശവാദം. കൂട്ടത്തിലെ ഏറ്റവും വലിയ ദ്വീപായ ദിയെഗോഗാർഷ്യ 1966ൽ അവർ അമേരിക്കക്ക് സൈനികതാവളം നിർമിക്കാൻ ദീർഘകാല പാട്ടത്തിന് നൽകി. ദിയെഗോഗാർഷ്യയിൽനിന്ന് രണ്ടായിരത്തോളം പേരെ ഒഴിപ്പിച്ചത് മാനവികതക്കെതിരായ കുറ്റകൃത്യമാണെന്ന് വിമർശനം ഉയർന്നിരുന്നു. അവരെ മൗറീഷ്യസിലും സമീപത്തെ മറ്റൊരു ബ്രിട്ടീഷ് കോളണിയായിരുന്ന സെയ്ഷൽസിലുമാണ് കുടിയിരുത്തിയത്.
ദ്വീപിന് മേൽ പരമാധികാരമുണ്ടെന്ന മൗറീഷ്യസിന്റെ അവകാശവാദം അന്താരാഷ്ട്ര നീതിന്യായ കോടതിയും യു.എൻ പൊതുസഭയും അംഗീകരിച്ചത് ബ്രിട്ടന് മേൽ സമ്മർദമുയർത്തി. തുടർന്ന് അവർ ചർച്ചക്ക് തയാറായി. 2022 മുതൽ 13 റൗണ്ട് ചർച്ച നടന്നു. ഒടുവിൽ ബ്രിട്ടൻ അവകാശവാദം ഉപേക്ഷിച്ച് ദ്വീപ് വിട്ടുനൽകാൻ തയാറാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.