ഗസ്സയിൽ കുട്ടികളുടെ കൂട്ടമരണം; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ

ഗസ്സ: ആറാം മാസത്തിലേക്ക് കടന്ന യുദ്ധവും ഇസ്രായേൽ സൈന്യത്തിന്റെ കരുണയില്ലാത്ത ഉപരോധവും കാരണം കുഞ്ഞുങ്ങളുടെ കൂട്ടമരണത്തിലേക്ക് ഗസ്സ.

ഓരോ ദിവസവും സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്ന ഗസ്സയിൽ പോഷകാഹാരക്കുറവും നിർജലീകരണവും കാരണം ആദ്യമായി ശിശുമരണം റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ മാസമാണ്. അതിനുശേഷം 20 കുട്ടികൾ കൂടി ഈ കാരണത്താൽ മരിച്ചു. കുഞ്ഞുങ്ങൾക്ക് നൽകാൻ പാലോ മറ്റോ ഗസ്സയിലില്ല. മുതിർന്നവർ പച്ചപ്പുല്ലും കാലിത്തീറ്റയും തിന്ന് ജീവൻ നിലനിർത്തുകയാണ്. സഹായവസ്തുക്കളുമായി വരുന്ന ട്രക്കുകൾക്കുനേരെയും സൈന്യം ആക്രമണം നടത്തുന്നു.

യു.എന്നിന്റെ സഹായവിതരണം നിലച്ച മട്ടാണ്. അതിനിടെ ഇസ്രായേൽ ബോംബാക്രമണം തുടരുകയാണ്. ദൈർ അൽ ബലാഹിൽ കെട്ടിടത്തിനുമേൽ ബോംബിട്ട് 11 പേരെ കൊലപ്പെടുത്തി. ഇവരടക്കം 78 പേർകൂടി 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടു. ആകെ മരണം 30,878 ആയി. 72,402 പേർക്ക് പരിക്കേറ്റു.

സഹായവിതരണം: ഗസ്സയിൽ താൽക്കാലിക തുറമുഖം നിർമിക്കുമെന്ന് യു.എസ്

വാഷിങ്ടൺ: മാനുഷിക സഹായ വിതരണത്തിനായി ഗസ്സയിൽ താൽക്കാലിക തുറമുഖം നിർമിക്കാൻ സൈന്യത്തിന് നിർദേശം നൽകിയതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. കൂടുതൽ സഹായ വസ്തുക്കൾ എത്തിക്കാൻ അനുമതി നൽകി മാനുഷിക ദുരന്തം ഒഴിവാക്കണമെന്ന് അദ്ദേഹം ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ഗസ്സക്കുള്ള മാനുഷികസഹായം വിലപേശലിന് ഉപയോഗിക്കരുതെന്നും സന്നദ്ധപ്രവർത്തകർക്ക് വെടിവെപ്പിൽ പരിക്കേൽക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഇസ്രായേലിനോടായി അദ്ദേഹം പറഞ്ഞു.

അതേസമയം, ഇതെല്ലാം പ്രചാരണ തന്ത്രമാണെന്നും റഫ അതിർത്തി വഴി ട്രക്ക് കടത്തിവിടാൻ ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്തുകയാണ് അമേരിക്ക ചെയ്യേണ്ടതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിനകത്തും പുറത്തും ഇതിനെതിരെ പ്രതിഷേധവും സമ്മർദവും ഉയർന്നതോടെയാണ് ബൈഡൻ ഇസ്രായേൽ അനുകൂല നിലപാടിൽ അയവുവരുത്തിയത്.

Tags:    
News Summary - Children starving to death in northern Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.