യുനൈറ്റഡ് നാഷൻസ്: ഹമാസിനെ ലക്ഷ്യമിടുന്നുവെന്ന പേരിൽ മാസങ്ങൾക്കിടെ ഗസ്സയിൽ 8000 കുരുന്നുകളെ കൂട്ടക്കൊല നടത്തിയ ഇസ്രായേലിനെ കരിമ്പട്ടികയിൽപെടുത്തി യു.എൻ. ഒരു വർഷത്തിനിടെ കുട്ടികൾക്കു നേരെയുള്ള അതിക്രമം കണക്കിലെടുത്താണ് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ഇസ്രായേലിനെ കരിമ്പട്ടികയിൽ പെടുത്തിയത്.
കുട്ടികളുടെ കുരുതിക്ക് പുറമെ അടിയന്തര സഹായ വാഹനങ്ങൾക്ക് അനുമതി നിഷേധിക്കലും സ്കൂളും ആശുപത്രികളും തകർക്കലും ഇസ്രായേലിനെ പട്ടികയിൽപെടുത്താൻ കാരണമായതായാണ് വിശദീകരണം. അടുത്തയാഴ്ച രക്ഷാസമിതിക്ക് മുമ്പാകെ അവതരിപ്പിക്കുന്ന റിപ്പോർട്ടിലാണ് ഇസ്രായേലിന്റെ പേരുള്ളത്. ഹമാസ്, ഫലസ്തീനിയൻ ഇസ്‍ലാമിക് ജിഹാദ് സംഘടനകളെയും യു.എൻ പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ട്.
36,731 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട ഗസ്സയിലെ ഇസ്രായേൽ വംശഹത്യയിൽ കൂടുതൽ ഇരകളായത് സ്ത്രീകളും കുട്ടികളുമാണ്. 7,797 കുട്ടികളാണ് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടതെങ്കിലും ആയിരങ്ങൾ കെട്ടിടാവശിഷ്ടങ്ങൾക്കടിയിലായതിനാൽ മരണസംഖ്യ ഉയരും. 15,000ത്തിലേറെ കുട്ടികൾ കൊല്ലപ്പെട്ടതായി ഹമാസ് നിയന്ത്രണത്തിലുള്ള സർക്കാർ മീഡിയ ഓഫിസ് പറയുന്നു.
ഇസ്രായേൽ ആക്രമണം കനപ്പിച്ച മധ്യ ഗസ്സയിലെ നുസൈറാത്തിൽ മരണസംഖ്യ കുത്തനെ ഉയരുകയാണ്. ഹൃദയഭേദകമായ കാഴ്ചകളാണ് ഇവരെയടക്കം എത്തിച്ച അൽഅഖ്സ രക്തസാക്ഷി ആശുപത്രിയിലെന്ന് സന്നദ്ധ സംഘടനയായ ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് അറിയിച്ചു. 55 ഫലസ്തീനികളുടെ മൃതദേഹങ്ങളാണ് ഇവിടെ എത്തിച്ചത്.
നിരവധി പരിക്കേറ്റവരും. ഗസ്സയിൽ ഇപ്പോഴും പ്രവർത്തിക്കുന്ന അപൂർവം ആശുപത്രികളിലൊന്നാണ് അൽഅഖ്സ. പരിക്കുമായി മല്ലിടുന്ന നിരവധി പേർ ആശുപത്രിക്ക് മുന്നിലും തെരുവുകളിലും കഴിയുന്നുണ്ട്. മരിച്ചവരിലും പരിക്കേറ്റവരിലും കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.
വ്യാഴാഴ്ച മധ്യഗസ്സയിൽ സ്കൂളിനുനേരെയുണ്ടായ ആക്രമണത്തിൽ 14 കുട്ടികളടക്കം 35 പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസം അഭയാർഥികൾ കഴിഞ്ഞ ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ നിരവധി കുട്ടികളടക്കം 45 പേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.