ബിരുദ സർട്ടിഫിക്കറ്റ് ലഭിച്ചില്ല; ചൈനയിൽ 21കാരൻ എട്ടു പേരെ കുത്തിക്കൊന്നു, 17 പേർക്ക് പരിക്ക്

ബെയ്ജിങ്: കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ശനിയാഴ്ച നടന്ന കത്തി ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യിക്‌സിംഗ് സിറ്റിയിലെ വുക്‌സി വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്‌സ് ആൻഡ് ടെക്‌നോളജിയിൽ വൈകീട്ട് ആറരയോടെയാണ് ആക്രമണം.

പ്രതിയായ 21 വയസ്സുള്ള ഷു എന്ന വിദ്യാർഥിയെ സംഭവസ്ഥലത്ത് വെച്ച് പിടികൂടി. ഇയാൾ കുറ്റം സമ്മതിച്ചതായി പബ്ലിക് സെക്യൂരിറ്റി ബ്യൂറോ ഓഫ് യിക്സിംഗ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഈ വർഷം ഇവിടെനിന്ന് ബിരുദം നേടിയ ഷു, പരീക്ഷയിൽ തോറ്റതിനെ തുടർന്ന് ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിലും ഇന്‍റേൺഷിപ്പ് അലവൻസിലുള്ള അതൃപ്തിയിലും ദേഷ്യം തീർക്കാൻ സ്‌കൂളിൽ തിരിച്ചെത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതായും അവർ പറഞ്ഞു.

ഈ ആഴ്ച ചൈനയിൽ സാധാരണക്കാർക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. നവംബർ 12 ന് സുഹായ് നഗരത്തിലെ കായിക കേന്ദ്രത്തിൽ ആൾക്കൂട്ടത്തിലേക്ക് ഒരാൾ കാർ ഇടിച്ചുകയറ്റിയതിനെ തുടർന്ന് 35 പേർ കൊല്ലപ്പെടുകയും 43 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഫാൻ എന്നയാളെ കസ്റ്റഡിയിലെടുത്ത പൊലീസ്, വിവാഹമോചനത്തി​ന്‍റെ സ്വത്ത് വീതംവെപ്പിലെ അതൃപ്തിയിൽ നിന്നാണ് ഇയാളുടെ പ്രവർത്തനങ്ങൾ ഉണ്ടായതെന്ന് പറഞ്ഞു. സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് പരിക്കേറ്റവരെ ചികിത്സിക്കാൻ എല്ലാവിധ ശ്രമങ്ങളും നടത്തണമെന്ന് അധികൃതരോട് അഭ്യർത്ഥിച്ചിരുന്നു. സാധാരണക്കാർക്ക് നേരെയുള്ള കത്തി ആക്രമണങ്ങൾ കൂടാതെ കാർ ഇടിച്ചുള്ള സംഭവങ്ങളും അടുത്തിടെയായി ചൈനയിൽ കൂടിവരികയാണ്.

Tags:    
News Summary - China: Angry for not getting graduation certificate, 21year-old kills eight, injures 17 in knife attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.