ബെയ്ജിങ്: ചൈനീസ് ടെന്നീസ് താരം പെങ് ഷുവായിയെ കാണാതായ സംഭവത്തിൽ പ്രതികരണവുമായി ചൈന. പെങ് ഷുവായിയുടെ കേസ് ചിലർ ദുരുദ്ദേശ്യത്തോടെ ഉയർത്തുകയാണെന്ന് ചൈന ആരോപിച്ചു.
'ചിലർ ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുക മാത്രമല്ല, മനഃപ്പൂർവ്വവും ദുരുദ്ദേശ്യത്തോടെയും പ്രചരിപ്പിക്കുകയാണ്. ഇത് അവസാനിപ്പിക്കണമെന്ന് ഞാൻ കരുതുന്നു' -ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ പറഞ്ഞു.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രബല നേതാവും ഉപപ്രധാനമന്ത്രിയുമായിരുന്ന ഷാങ് ഗാവോലിക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചതിന് ശേഷം അപ്രത്യക്ഷയായ പെങ് ഷുവായ് കഴിഞ്ഞദിവസമാണ് ബെയ്ജിങിൽ പ്രത്യക്ഷപ്പെട്ടത്.
തന്‍റെ കോച്ചിനും സുഹൃത്തുക്കൾക്കും ഒപ്പം ഭക്ഷണം കഴിക്കുന്ന പുതിയ ചിത്രം ചൈനീസ് മാധ്യമങ്ങളാണ് പുറത്തുവിട്ടത്. പെങ് ഷുവായുടെ തിരോധാനം വൻ മാധ്യമ ശ്രദ്ധയും അന്താരാഷ്ട്ര ശ്രദ്ധയും നേടിയിരുന്നു.
ബെയ്ജിങിൽ ഞായറാഴ്ച പുലർച്ചെ നടന്ന ടീനേജർ ടെന്നിസ് മാച്ച് ഫൈനലിന്‍റെ ഓപണിങ് സെറിമണിയിൽ അവർ പങ്കെടുക്കുന്ന വീഡിയോയും ഔദ്യോഗികമായി പുറത്തുവന്നിട്ടുണ്ട്. ഈ മാസം ആദ്യമാണ് ചൈനയിലെ ടെന്നീസ് താരമായ പെങ് ഷുവായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രബല നേതാവും ഉപപ്രധാനമന്ത്രിയുമായിരുന്ന ഷാങ് ഗാവോലിക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചത്.
ഇതിനുശേഷം പെങ് ഷുയിയെ പുറംലോകം കണ്ടില്ല. അവരുടെ സുരക്ഷയെ സംബന്ധിച്ചും എവിടെയാണെന്നതു സംബന്ധിച്ചും വലിയ ആശങ്കകളാണ് ടെന്നീസ് ലോകം പങ്കുവെച്ചത്. വിമെന്‍സ് ടെന്നീസ് അസോസിയേഷന്‍ ചെയര്‍പേഴ്‌സണ്‍ സ്റ്റീവ് സിമോണ്‍, പെങ്ങിന്‍റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. പെങ്ങിന്‍റെ ആരോപണം പുറത്തുവന്നതിനുശേഷം അവരെക്കുറിച്ചോര്‍ത്ത് അതിയായ ആശങ്കകളുണ്ടായിരുന്നതായി സ്റ്റീവ് പറഞ്ഞു. ട്വിറ്റര്‍ പോലെ ചൈനയില്‍ ഉപയോഗത്തിലുള്ള വെബിബോയിലെ ദീര്‍ഘമായ കുറിപ്പിലൂടെയാണ് ഷുയി ഗവോലിക്കെതിരേ ആരോപണം ഉന്നയിച്ചത്.
ഗവോലിക്കുള്ള കത്തിന്‍റെ രൂപത്തിലായിരുന്നു പോസ്റ്റ്. പത്തുവര്‍ഷത്തോളം താനുമായി ഗവോലിക്ക് ബന്ധമുണ്ടായിരുന്നുവെന്നും ലൈംഗിക ബന്ധത്തിലേര്‍പ്പെടാൻ ഗവോലി തന്നെ നിര്‍ബന്ധിച്ചതായും കുറിപ്പില്‍ അവർ ആരോപിച്ചു. എന്നാല്‍, ഷുയിയുടെ ആരോപണം പുറത്തുവന്ന് 30 മിനിറ്റുകള്‍ക്കുള്ളില്‍ പോസ്റ്റ് വിബിബോയില്‍ നിന്ന് അപ്രത്യക്ഷമായി. എല്ലാ സാമൂഹിക മാധ്യമങ്ങളില്‍നിന്നും സ്‌ക്രീന്‍ ഷോട്ട് അടക്കമുള്ളവ നീക്കം ചെയ്തു. വിംബിള്‍ഡണ്‍, ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സ് ചാംപ്യനാണ് പെങ് ഷുയി.
പെങ് ഷുവായി സുരക്ഷിതയെന്നതിന് ചൈനയോട് തെളിവുകൾ ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയും യു.എസും രംഗത്തു വന്നിരുന്നു. തിരോധാനത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു ചൈനയുടെ പ്രതികരണം. പെങ് സുരക്ഷിതയാണെന്നു ലോകത്തെ ബോധ്യപ്പെടുത്താൻ ചൈനക്ക് ബാധ്യതയുണ്ടെന്നാണ് യു.എൻ മനുഷ്യാവകാശ ഓഫിസ് വക്താവ് ലിസ് ത്രോസെസൽ പറഞ്ഞത്. പെങ് ഉന്നയിച്ച ആരോപണത്തെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും യു.എൻ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.