മലയാളിക്ക് മഞ്ജു വാര്യർ എങ്ങിനെയാണോ അങ്ങിനെയാണ് ചൈനക്കാർക്ക് ചാവ് വെ എന്ന നടി. അക്ഷരാർഥത്തിൽ ചൈനക്കാരുടെ വനിതാ സൂപ്പർസ്റ്റാറാണിവർ. അഭിനേത്രി എന്നതിനൊപ്പം സംവിധായിക, ബിസിനസുകാരി, ഗായിക എന്നീ നിലകളിലെല്ലാം പ്രശസ്ത. പതിറ്റാണ്ടുകളായി ചൈനീസ് പ്രേക്ഷകരുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ കലാകാരികൂടിയാണ് ചാവ് വെ. ശത േകാടീശ്വരനായ ഭർത്താവുമായി ചേർന്ന് ബിസിനസിലും ഇറങ്ങി ഇവർ ലാഭം കൊയ്തിരുന്നു.
ട്വിറ്ററിന് സമാനമായ ചൈനീസ് മൈക്രോബ്ലോഗിങ് സൈറ്റായ വെയ്‌ബോയിൽ 86 ദശലക്ഷം ആരാധകരാണ് 45കാരിയായ ചാവ് വെയ്ക്ക് ഉണ്ടായിരുന്നത്. ഒരു സുപ്രഭാതത്തിൽ ഇവരെ സംബന്ധിച്ച വിവരങ്ങളെല്ലാം ചൈനീസ് ഇൻറർനെറ്റിൽ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്.രാജ്യത്തെ ഏറ്റവും വലിയ വീഡിയോ സ്ട്രീമിങ് സൈറ്റുകളിൽ ഇവരുടെ പേര് തിരഞ്ഞാൽ വിവരങ്ങൾ ഒന്നും ലഭ്യമല്ല. അവരുടെ ജനപ്രിയ ടിവി പരമ്പരയായ 'മൈ ഫെയർ പ്രിൻസസ്' ഉൾപ്പെടെയുള്ള പരിപാടികളുടെ എല്ലാ വീഡിയോകളും നീക്കംചെയ്തിരിക്കുന്നു. ചൈനയുടെ വിക്കിപീഡിയയിൽ ചാവ് വെ സംവിധാനം ചെയ്ത സിനിമകളുടെ വിവരണങ്ങളിൽനിന്നുപോലും അവരുടെ പേര് ഒഴിവാക്കി. സംവിധായികയുടെ പേരിെൻറ സ്ഥാനത്ത് വരകൾ മാത്രമാണ് ഇപ്പോഴുള്ളത്. ഓഗസ്റ്റ് 26 നാണ് ചാവ് വെയുടെ ഓൺലൈൻ തിരോധാനം സംഭവിച്ചത്
നിരീക്ഷകർ പറയുന്നത്
രാജ്യത്തിെൻറ വിനോദ വ്യവസായത്തിലേക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സംശയത്തോടെ നോക്കിത്തുടങ്ങിയിട്ട് കുറേക്കാലമായതായി സാമൂഹിക നിരീക്ഷകർ പറയുന്നു. വിപുലമായ അടിച്ചമർത്തലാണ് ഇൗ മേഖലയിൽ നടക്കുന്നത്. 'അനാരോഗ്യകരമായ സെലിബ്രിറ്റി സംസ്കാരം' രാജ്യത്തുണ്ട് എന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിലയിരുത്തൽ. ഇതിനെ നിയന്ത്രിക്കണം എന്നും അവർക്ക് അഭിപ്രായമുണ്ട്. ചാവ് വെയുടെ കാര്യത്തിൽ വിവിധ നടപടികൾക്ക് തങ്ങളെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് ചൈനീസ് സർക്കാർ പരസ്യമായി പറഞ്ഞിട്ടില്ല.
'ചൈനയിലെ സെലിബ്രിറ്റി സംസ്കാരത്തിൽ എന്താണ് തെറ്റെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി കാണുന്നതിെൻറ ഒരു പോസ്റ്റർ പതിപ്പാണ് ചാവോ വെയ്'-ചൈനീസ് സിനിമകളിലും രാഷ്ട്രീയത്തിലും പ്രാവീണ്യം നേടിയ ദക്ഷിണ കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫസർ സ്റ്റാൻലി റോസൻ പറഞ്ഞു. എത്ര സമ്പത്തുണ്ടായാലും ജനപ്രിയരായാലും നിങ്ങൾ വേട്ടയാടപ്പെടും എന്നാണ് നടിക്കെതിരായ നടപടിയിലൂടെ സർക്കാർ നൽകുന്ന സൂചനയെന്നും അദ്ദേഹം പറഞ്ഞു. ചാവ് വെയുടെ കാര്യത്തിലെ ദുരൂഹത 'മറ്റ് സെലിബ്രിറ്റികളെ അതീവ ജാഗ്രതയുള്ളവരും ഭരണകൂടത്തിെൻറ ലക്ഷ്യങ്ങൾ ഉൾക്കൊള്ളുന്നതിൽ മുൻകൈയെടുക്കുന്നവരുമാക്കും' എന്നും സ്റ്റാൻലി റോസൻ കൂട്ടിച്ചേർത്തു. ഒാൺലൈൻ തിരോധാനം സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ നടിയോ ചൈനയുടെ ഇൻറർനെറ്റ് റെഗുലേറ്ററായ സൈബർസ്പേസ് അഡ്മിനിസ്ട്രേഷനോ തയ്യാറായിട്ടില്ല.
കഴിഞ്ഞ ഏതാനും ആഴ്‌ചകളിൽ, നികുതി വെട്ടിപ്പ് അന്വേഷണത്തിൽ കുടുങ്ങിയ നടി ഷെങ് ഷുവാങ്, ജപ്പാനിലെ വിവാദ ദേവാലയം സന്ദർശിച്ച യുവ നടൻ ഷാങ് ഷെഹാൻ എന്നിവരുൾപ്പെടെയുള്ള മറ്റ് പ്രമുഖരും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിമർശനങ്ങൾക്ക് ഇരയായിരുന്നു.സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സെലിബ്രിറ്റികളുടെ റാങ്കിങ് ചൈന നിരോധിച്ചിട്ടുണ്ട്. രാഷ്ട്രീയമായി അല്ലെങ്കിൽ ധാർമ്മികമായി നിലവാരം പുലർത്താത്ത കലാകാരന്മാരെ നിരോധിക്കാൻ പരമ്പരാഗത പ്രക്ഷേപകർക്കും സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾക്കും ചൈനീസ് സർക്കാർ നിർദേശവും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.