വാഷിങ്ടൺ: കൂറ്റൻ വലിപ്പമുള്ള ചൈനീസ് ബലൂൺ ഏതാനും ദിവസങ്ങളോളം ഇനി യു.എസിനു മുകളിലായിരിക്കുമെന്നും അതിനു നിരീക്ഷണ സംവിധാനമുണ്ടെന്നും പെന്റഗൺ. മൂന്നു ബസുകളുടെ വലിപ്പമുള്ള ചൈനീസ് ചാര ബലൂൺ ഇപ്പോൾ വിമാനപാതകൾക്കും മുകളിൽ 80,000 മുതൽ ഒരു ലക്ഷം വരെ അടി ഉയരത്തിൽ സഞ്ചരിക്കുകയാണ്.
സംഭവത്തോടെ യു.എസും ചൈനയും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ വഷളായിരിക്കുകയാണ്. ബലൂൺ കണ്ടെത്തിയത് യു.എസിനെ രോഷാകുലരാക്കിയിട്ടുണ്ട്. തുടർന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ബെയ്ജിങ് സന്ദർശനം റദ്ദാക്കി. വർഷങ്ങളുടെ ഇടവേളയിലാണ് ഒരു യു.എസ് ഉന്നത പ്രതിനിധി ചൈന സന്ദർശിക്കാനിരുന്നത്. അതാണ് റദ്ദാക്കിയിരിക്കുന്നത്. യു.എസ് വ്യോമാതിർത്തി ലംഘിച്ച് ചൈനീസ് ബലൂണുകൾ എത്തിയതിനെ കുറിച്ച് പ്രസിഡന്റ് ജോ ബൈഡൻ വിശദീകരണം തേടിയിട്ടുണ്ട്.
പൊതു ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ബലൂൺ നശിപ്പിക്കില്ലെന്ന് അധികൃതർ പറഞ്ഞു. ഇതിനെതിരെ ചൈനക്ക് തിരിച്ചടി നൽകുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് യു.എസ് അധികൃതർ. ''നിരീക്ഷണം തുടരുകയാണ്. ഏതാനും ദിവസങ്ങൾ കൂടി ബലൂൺ യു.എസിൽ തന്നെയുണ്ടാകുമെന്നാണ് കരുതുന്നത്''-പെന്റഗൺ പ്രസ് സെക്രട്ടറി ബ്രിഗേഡിയർ ജനറൽ പാറ്റ് റൈഡർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മൂന്നു ബസുകളുടെ വലുപ്പം വരുന്ന ബലൂൺ വെടിവച്ചിടാൻ യുദ്ധവിമാനങ്ങൾ ഒരുക്കിയെങ്കിലും അവശിഷ്ടങ്ങൾ സുരക്ഷാപ്രശ്നമുണ്ടാക്കാമെന്നു സൈനിക ഉപദേഷ്ടാക്കൾ അറിയിച്ചതിനെ തുടർന്നാണ് പ്രസിഡന്റ് ജോ ബൈഡൻ അതു വേണ്ടെന്നു നിർദേശം നൽകിയത്. മുമ്പ് കാനഡയിലും ഇത്തരത്തിലുള്ള ബലൂൺ കണ്ടെത്തിയിരുന്നു. യു.എസിന് ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് കാനഡയുമായി അതിർത്തി പങ്കിടുന്ന മോണ്ടാന സംസ്ഥാനം. ലാറ്റിൻ അമേരിക്കയിലും സമാനമായ ഒരു ബലൂൺ കണ്ടെത്തിയിട്ടുണ്ട്. ലാറ്റിൻ അമേരിക്കയിൽ കണ്ടെത്തിയ ചൈനീസ് ചാരബലൂണിനെ നിരീക്ഷിച്ചു വരുകയാണെന്നും പെന്റഗൺ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.