ബെയ്ജിങ്: താൻ അപ്രത്യക്ഷമായെന്ന വാദം തള്ളി ചൈനീസ് ടെന്നീസ് താരം പെങ് ഷുവായ്. ഫ്രഞ്ച് സ്പോർട്സ് പത്രം എൽ എക്വിപിന് നൽകിയ അഭിമുഖത്തിലാണ് പെങ് ഇക്കാര്യം വ്യക്തമാക്കിയത്.
''ഒരിക്കലും അപ്രത്യക്ഷയായിട്ടില്ല. തന്റെ സുഹൃത്തുക്കളും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗങ്ങളും നിരന്തരം സന്ദേശങ്ങൾ അയച്ചിരുന്നു. എല്ലാ സന്ദേശങ്ങൾക്കും മറുപടി നൽകാൻ കഴിയുമായിരുന്നില്ല''-പെങ് അഭിമുഖത്തിൽ വ്യക്തമാക്കി.
തന്റെ അടുത്ത സുഹൃത്തുക്കളുമായി ബന്ധം പുലർത്തിയതായും അവരുടെ ഇ-മെയിലുകൾക്ക് മറുപടി നൽകിയതായും അവർ പറയുന്നുണ്ട്. വനിത ടെന്നിസ് അസോസിയേഷനുമായും സംസാരിച്ചിരുന്നു.
ചൈനീസ് മുൻ ഉപപ്രധാനമന്ത്രി ഷാങ് ഗവോലിക്കെതിരെ ലൈംഗികാരോപണമുന്നയിച്ചതിനു പിന്നാലെയാണ് ടെന്നിസ് താരം പെങ് ഷുവായെ കാണാതായത്. അതിനു പിന്നാലെ അന്താരാഷ്ട്ര ഒളിമ്പിക് പ്രസിഡന്‍റ് തോമസ് ബാക്കിന്റെ കൂടെയുള്ള പെങ്ങിന്റെ ചിത്രവും അവർ സ്പോർട്സ് പരിപാടികളിൽ പങ്കെടുക്കുന്നതിന്റെ വിഡിയോകളും പ്രചരിച്ചിരുന്നു.
അതേസമയം, തന്നെയാരും ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും കൂടുതൽ വിശദീകരണങ്ങൾ നൽകാതെ പെങ് അഭിമുഖത്തിൽ സൂചിപ്പിച്ചു. ഡിസംബറിൽ സിംഗപ്പൂർ പത്രത്തിനു നൽകിയ അഭിമുഖത്തിലും അവർ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ചൈനയിലെ സമൂഹ മാധ്യമമായ വെയ്ബോയിലാണ് ഗവോലിക്കെതിരെ പെങ് ആരോപണമുന്നയിച്ചത്. പിന്നാലെ സന്ദേശം അപ്രത്യക്ഷമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.