മെഹ്ദി ഹസനെതിരെ മോശം പ്രയോഗം; തീവ്ര വലതുപക്ഷ പാനലിസ്റ്റിനെ ചർച്ചയിൽനിന്ന് വിലക്കി സി.എൻ.എൻ

ന്യൂയോർക്ക്: ‘ആന്‍റി സെമിറ്റിസവു’മായി ബന്ധപ്പെട്ട ചർച്ചക്കിടെ ബ്രിട്ടീഷ്- അമേരിക്കൻ ബ്രോഡ്കാസ്റ്ററായ മെഹ്ദി ഹസനെ അധിക്ഷേപിച്ച് മോശം പരാമർശം നടത്തിയ തീവ്ര വലതുപക്ഷ പാനലിസ്റ്റായ റയാൻ ജെയിംസ് ഗിർദുസ്കിക്ക് ചർച്ചയിൽ വില​ക്കേർപ്പെടുത്തി സി.എൻ.എൻ ചാനൽ.

വലതുപക്ഷത്തുള്ളവർ ‘നാസികൾ’എന്ന് മുദ്രകുത്തപ്പെടാതിരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ‘യഹൂദ വിരുദ്ധ’മെന്ന് വ്യാഖ്യാനിക്കാവുന്ന പ്രസ്താവനകളും പെരുമാറ്റങ്ങളും ശ്രദ്ധിക്കണമെന്ന് ഹസൻ നിർദേശിച്ചതോടെ ചർച്ച ചൂടുപിടിച്ചു. ‘ഈ ടേബിളിലെ മറ്റാരേക്കാളും നിങ്ങളെ യഹൂദ വിരുദ്ധൻ എന്ന് വിളിക്കാം’ എന്ന് ഇതിനോട് ഗിർദുസ്കി പ്രതികരിച്ചു. ‘അതെ, നിങ്ങളാൽ തന്നെ’ എന്ന് ഹസൻ ഉടനടി പ്രതിവചിച്ചു.

‘ഞാൻ നിങ്ങളെ ഒരിക്കലും യഹൂദ വിരോധി എന്ന് വിളിച്ചിട്ടില്ല’ എന്ന് ഗിർദുസ്കി തിരിച്ചടിച്ചു. തൊട്ടുടൻ തന്നെ, ‘ശരി, താങ്കളുടെ ബീപ്പർ പൊട്ടിത്തെറിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ എന്നും പറഞ്ഞു. ലെബനാനിലെ ഹിസ്ബുള്ളയുടെ പ്രവർത്തകരെ ലക്ഷ്യമിട്ട് പേജർ സ്ഫോടനം നടത്തിയ ഇസ്രായേലി ഇന്‍റലിജൻസ് ഉൾപ്പെട്ട സമീപകാല സംഭവത്തെ ധ്വനിപ്പിച്ചായിരുന്നു ഗിർദുസ്കിയുടെ പരാമർശം.

‘ഞാൻ മരിക്കണമെന്ന് നിങ്ങൾ വെറുതേ പറഞ്ഞതാണോ? സി.എൻ.എൻ എന്നെ തത്സമയം കൊല്ലണമെന്നാണോ നിങ്ങൾ പറയുന്നത്? എന്ന് ​നടുക്കത്തോടെ ഹസൻ ചോദിച്ചതോടെ ഗിർദുസ്കി പ്രതിരോധത്തിലായി. ‘നിങ്ങളുടെ അതിഥി എന്നെ ടെലിവിഷൻ ലൈവിൽ കൊല്ലണമെന്നാണോ പറയുന്നതെന്ന്’ അവതാരകനായ സി.എൻ.എന്നി​ന്‍റെ എബി ഫിലിപ്പിനെ നോക്കി ഹസൻ ചോദിച്ചു.

ഹസൻ ഹമാസ് അനുഭാവിയാണെന്നാണ് താൻ കരുതുന്നതെന്ന് ഗിർദുസ്കി വ്യക്തമാക്കാൻ ശ്രമിച്ചതോടെ ചർച്ച കൂടുതൽ കടുത്തു. തുടർന്ന് അവതാരകൻ എബി ഫിലിപ്പ് കർശനമായി ഇടപെട്ടു. ‘റയാൻ, ഇത് പൂർണമായും വിഷയത്തിനു പുറത്തുള്ളതാണെന്ന്’ എന്ന് ഗിർദുസ്കിയോട് പറഞ്ഞു.

തുടർന്ന് ചർച്ചക്കിടയിലുള്ള ഇടവേളയിൽനിന്ന് തിരിച്ചെത്തിയ ശേഷം. അവതാരകൻ ഫിലിപ്പ്, ഹസനോട് ക്ഷമാപണം നടത്തുകയും ഷോയിൽനിന്ന് പുറത്തുപോകാൻ ഗിർദുസ്കിയോട് ആവശ്യപ്പെട്ടതായി കാണികളെ അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ സംഭവത്തെ അപലപിച്ച് സി.എൻ.എൻ പ്രസ്താവനയും ഇറക്കി. സി.എൻ.എനിലോ ഞങ്ങളുടെ സംപ്രേഷണത്തിലോ വംശീയതക്കോ മതഭ്രാന്തിനോ സ്ഥാനമില്ല’ എന്ന് ഫിലിപ്പ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പ്രസ്താവനയിലൂടെ സി.എൻ.എൻ വ്യക്തമാക്കി. പ്രധാനപ്പെട്ട വിഷയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനും പരസ്പര ധാരണകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കടുത്തതോതിൽ വിയോജിക്കുന്ന വ്യക്തികളുമായി ചർച്ചകൾ സംഘടിപ്പിക്കും. എന്നാൽ, അതിഥികളെ തരംതാഴ്ത്താനോ മര്യാദയുടെ പരിധി കടക്കാനോ ഞങ്ങൾ അനുവദിക്കില്ല. റയാൻ ഗിർദുസ്കിയെ ഞങ്ങളുടെ നെറ്റ്‌വർക്കിലേക്ക് തിരികെ സ്വാഗതം ചെയ്യില്ല’ എന്നും പ്രസ്താവനയിൽ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.