ന്യൂഡൽഹി: പാക് അധീന കശ്മീരിൽ പ്രക്ഷോഭകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം. പാക് അധീന കശ്മീരിന്‍റെ തലസ്ഥാനമായ മുസാഫറാബാദിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. നികുതി വർധന, ഉയർന്ന പണപ്പെരുപ്പം, വൈദ്യുതി ക്ഷാമം അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് ജനങ്ങൾ തെരുവിലിറങ്ങിയത്.
പാക് അധീന കശ്മീരിലെ ദദ്യാൽ, മിർപൂർ, സമഹ്‌നി, ഷെഹൻഷ, റാവൽകോട്ട്, ഖുയ്റാട്ട, തട്ടപാനി, ഹത്യാൻ ബാല എന്നിവിടങ്ങളിലാണ് പ്രക്ഷോഭകരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടിയത്. മരക്കഷണങ്ങളും കല്ലും കൊണ്ടാണ് പ്രതിഷേധക്കാർ സേനയെ നേരിട്ടത്.
ഓടിരക്ഷപ്പെടാൻ ശ്രമിച്ച സേനാംഗങ്ങളെ പ്രതിഷേധക്കാർ പിന്തുടർന്ന് കല്ലെറിഞ്ഞു. സേനാംഗങ്ങൾ ഓടി രക്ഷപ്പെടുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കടകളടച്ചും ഗതാഗതം സ്തംഭിപ്പിച്ചുമുള്ള പ്രതിഷേധത്തിന് ജമ്മു കശ്മീർ ജോയിന്‍റ് അവാമി ആക്ഷൻ കമ്മിറ്റിയാണ് ആഹ്വാനം ചെയ്തത്. തിഷേധക്കാരെ കസ്റ്റഡിയിലെടുത്തും അറസ്റ്റ് ചെയ്തും പ്രക്ഷോഭം ഒതുക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ട്.
300 കോടി ഡോളറിന്‍റെ സാമ്പത്തിക സഹായ പാക്കേജിന് അംഗീകാരം നൽകുന്നതിനിന്‍റെ ഭാഗമായി അന്താരാഷ്ട്ര നാണയ നിധി ഏർപ്പെടുത്തിയ കർശന വ്യവസ്ഥകളാണ് പാകിസ്താനിൽ പണപ്പെരുപ്പം രൂക്ഷമാക്കിയത്. വൈദ്യുതി ചാർജ് അടക്കമുള്ളവയിലെ വർധനയാണ് ജനങ്ങളുടെ പരസ്യ പ്രതിഷേധത്തിന് വഴിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.