ഗസ്സ: ‘16 വയസ്സിനു മുകളിലെ പുരുഷന്മാർ കൈപൊക്കുക’- അൽശിഫ ആശുപത്രിയിൽ ഇരച്ചുകയറിയ ഇസ്രായേൽ സൈനികരിലൊരാളുടെ ആദ്യ ഭീഷണി ഇതായിരുന്നു. മുഖാവരണം ധരിച്ച്, ആകാശത്തേക്ക് വെടിയുതിർത്ത് ഡസൻ കണക്കിന് സൈനികർ ചൊവ്വാഴ്ച രാത്രിയാണ് ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയിൽ തിരച്ചിലിനെന്ന പേരിൽ എത്തിയത്. ഓരോ സ്ഥലവും അരിച്ചുപെറുക്കി ഓരോരുത്തരെയായി വിചാരണ ചെയ്തായിരുന്നു ഇവരുടെ നീക്കങ്ങൾ. അതിനിടെ, ‘കെട്ടിടത്തിൽനിന്നിറങ്ങി കീഴടങ്ങാൻ’ ഒരു മാധ്യമ പ്രവർത്തകനോട് ഭീഷണിയുമുണ്ടായി. രാജ്യാന്തര വാർത്ത ഏജൻസി എ.എഫ്.പിയുമായി ബന്ധം നിലനിർത്തിയ മാധ്യമപ്രവർത്തകനെയാണ് ഇങ്ങനെ പിടികൂടിയത്.
ദിവസങ്ങൾ നീണ്ട ബോംബിങ്ങിൽ ആശുപത്രി പരിസരം പൂർണമായി തകർത്തുകളഞ്ഞ് നിരവധി ടാങ്കുകൾ ചുറ്റും നിരത്തി ഏതുനിമിഷവും ഇരച്ചുകയറാൻ ഒരുങ്ങിനിന്നതിനൊടുവിലായിരുന്നു രാത്രിയിലെ നീക്കം. രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ഒപ്പം അഭയംതേടിയെത്തിയവരുമടക്കം 2300 പേർ ആശുപത്രിയിലുണ്ടായിരുന്നു. അകത്തും പുറത്തും നിരന്തരം മുഴങ്ങിയ വെടിയൊച്ചകളുടെ അകമ്പടിയിലായിരുന്നു തിരച്ചിൽ. ആശുപത്രിക്കകത്ത് ഹമാസ് കമാൻഡ് സെന്റർ പ്രവർത്തിക്കുന്നുവെന്ന് വ്യാപക പ്രചാരണം കൊഴുപ്പിച്ചുനിർത്തി രാജ്യാന്തര സമൂഹത്തിന്റെ വായടപ്പിക്കാനുള്ള പുറംപണി കൂടി ദിവസങ്ങളെടുത്ത് പൂർത്തിയാക്കിയിരുന്നു.
ആശുപത്രിയുമായി എല്ലാ ബന്ധങ്ങളും മുറിച്ചുകളഞ്ഞതിനാൽ അകത്ത് എന്തൊക്കെ ക്രൂരതകൾ സൈന്യം ചെയ്തുകൂട്ടുന്നുവെന്ന് ലോകമറിഞ്ഞുകൊള്ളണമെന്നില്ല. അൽശിഫ ആശുപത്രി കെട്ടിടങ്ങളേറെയും കനത്ത ആക്രമണങ്ങളിൽ ഭാഗികമായി തകർന്ന നിലയിലാണ്. രാജ്യാന്തര ചട്ടങ്ങൾ പ്രകാരം പൂർണ സുരക്ഷ ലഭിക്കേണ്ട സിവിലിയന്മാരെ ഹമാസ് അനുകൂലികളാക്കി വധിച്ചുകളയുമോ അതോ തടവുകാരാക്കുമോ എന്നതും അവ്യക്തം. ആശുപത്രിക്കുള്ളിൽ നിരന്തരം വെടിയൊച്ച മുഴങ്ങുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
നിലവിൽ, ആശുപത്രിയുടെ മൂന്നിൽ രണ്ടുഭാഗവും പ്രവർത്തനരഹിതമാണ്. ബോംബിങ്ങിലെ കേടുപാടും ഇന്ധനക്ഷാമവും ഒപ്പം സുരക്ഷിതത്വ ഭീഷണിയും ഒന്നിച്ച് വലക്കുന്ന ആശുപത്രിയിലെ മഹാക്രൂരതകൾ ലോകത്തെ മുഴുവൻ മുൾമുനയിലാക്കാൻ പോന്നതാകുമെന്നുറപ്പ്.
‘‘അധിനിവേശ സേന ഡയാലിസിസ് കെട്ടിടം പിടിച്ചിട്ടുണ്ട്. അവിടെയുള്ള രോഗികൾക്ക് ഇന്ധനമെത്തിക്കൽ അവരുടെ പരിഗണനയേ അല്ല. നിന്ന നിൽപിൽ അനങ്ങുന്ന ആർക്കെതിരെയും വെടിവെക്കുന്നതിനാൽ മരുന്ന് വാങ്ങാൻ ഫാർമസിയിലേക്ക് പോകാൻ പോലുമാകുന്നില്ല’’- ആശുപത്രി ഡയറക്ടർ മുഹമ്മദ് അബൂ സാൽമിയ പറഞ്ഞു.
ഓപറേഷൻ മുറികൾ, എക്സ്റേ റൂം, ഫാർമസി എന്നിവ പോലും പൂർണമായി സൈനിക നിയന്ത്രണത്തിലാണ്. രോഗികളുടെ അടുത്തെത്താൻ ഡോക്ടർമാർക്കുപോലും അനുമതി നൽകുന്നില്ല. ആശുപത്രി കൈയടക്കിയ സൈനികർ, തന്നെ ഒരിക്കൽ പോലും ബന്ധപ്പെട്ടില്ലെന്നും അബൂ സാൽമിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.