വാഷിങ്ടൺ: മിസിസോറിയിൽ നിന്ന് ആദ്യമായി യു.എസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കറുത്ത വർഗക്കാരിയായ കോറി ബുഷിൻെറ വിജയത്തിന് ശേഷമുള്ള പ്രസംഗം വൈറലാവുന്നു. എല്ലായിപ്പോഴും ഓർമിക്കേണ്ട രാത്രിയാണ് കടന്നു പോകുന്നതെന്ന് കോറി ബുഷ് പറഞ്ഞു. ചരിത്ര ദിനത്തിൻെറ തുടക്കമാണിത്. ഇത് നമ്മുടെ നിമിഷമാണെന്നും കോറി വ്യക്തമാക്കി. കുടുംബാംഗങ്ങളെ ഒപ്പം നിർത്തിയായിരുന്നു കോറി ബുഷിൻെറ പ്രസംഗം.
പ്രസംഗത്തിനിടെ തൻെറ ജീവിതാനുഭവങ്ങളും കോറി ബുഷ് തുറന്നു പറഞ്ഞു. അവിവാഹിതയായ അമ്മ എന്ന നിലയിലും കോവിഡ് രോഗിയെന്ന നിലയിലുമെല്ലാം താൻ കടന്നു പോയ അനുഭവങ്ങളെ കുറിച്ച് അവർ വേദിയിൽ വിവരിച്ചു. ഇപ്പോൾ നിങ്ങളോടൊപ്പം നിൽക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ചരിത്രപരമായ എന്തെങ്കിലും ചെയ്യുകയാണ് ലക്ഷ്യം. കറുത്ത വർഗക്കാരായ സ്ത്രീകൾ, കുട്ടികൾ, നഴ്സുമാർ, ജോലിക്കാർ എന്നിവർക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു.
ഞങ്ങളുടെ ജനങ്ങൾ ഒരുമിച്ചാണ് കോൺഗ്രസിലേക്ക് പോകുന്നത്. അമേരിക്കയിലെ എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ട്രംപിൻെറ അമേരിക്കയല്ല ഞങ്ങൾക്ക് വേണ്ടത്. സാമൂഹികമായും വംശീയമായും സാമ്പത്തികമായുമുള്ള നീതിയാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ഇപ്പോൾ ഞങ്ങളുടെ ആശയങ്ങൾ കോൺഗ്രസിലേക്ക് പോവുകയാണ്. എല്ലാ വെല്ലുവിളികളേയും നേരിടുമെന്നും കോറി ബുഷ് പറഞ്ഞു.
റിപബ്ലിക്കൻ സ്ഥാനാർഥിയായ ആൻറണി റോഗ്റസ്, ലിബേർട്ടേറിയൻ സ്ഥാനാർഥിയായ അലക്സ് ഫർമാൻ എന്നിവരെ പരാജയപ്പെടുത്തിയാണ് മിസിസോറിയിൽ നിന്നും കോറി ബുഷ് തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.