വാഷിങ്ടൺ: വീടുകളിൽ കോവിഡ് വ്യാപനം വളരെ വേഗത്തിൽ നടക്കുന്നതായി പഠനം. കുട്ടികളിലും കൗമാരക്കാരിലും കോവിഡ് സ്ഥിരീകരിക്കുകയാണെങ്കിൽ കൂടുതൽ അംഗങ്ങളിലേക്ക് കോവിഡ് വളരെ വേഗത്തിൽ പടർന്നുപിടിക്കുന്നതായി യു.എസിൽ നടത്തിയ പഠനത്തിൽ പറയുന്നു. 101 വീടുകളായിരുന്നു പഠനത്തിനായി തെരഞ്ഞെടുത്തത്.
കോവിഡ് രോഗിയോടൊപ്പം താമസിക്കുന്ന 51 ശതമാനം പേർക്കും രോഗം സ്ഥിരീകരിച്ചതായി മോർബിഡിറ്റി ആൻഡ് മോർട്ടാലിറ്റി ജേർണലിൽ പ്രസിദ്ധീകരിച്ച വീക്കിലി റിപ്പോർട്ടിൽ പറയുന്നു. ആദ്യം ഒരാളിൽ രോഗം സ്ഥിരീകരിക്കുകയും പിന്നീട് കൂടുതൽ പേരിലേക്ക് രോഗം പടരുകയും ചെയ്യും -ലേഖകരിൽ ഒരാളായ കാർലോക് ജി. ഗ്രിജാൽവ പറയുന്നു.
ആദ്യം രോഗം സ്ഥിരീകരിക്കുന്നത് കുട്ടികളിലും കൗമാരക്കാരിലുമാണെങ്കിൽ രോഗവ്യാപനം വേഗം നടക്കും. ആദ്യം രോഗം ബാധിച്ചവരിൽ രോഗലക്ഷണം കണ്ടുതുടങ്ങി അഞ്ചുദിവസത്തിനുള്ളിൽ 75 ശതമാനം സെക്കൻഡറി കോണ്ടാക്ടുകാർക്കും രോഗം സ്ഥിരീകരിക്കുന്നു. രോഗം സ്ഥിരീകരിക്കുന്നവരിൽ പകുതിപേർക്ക് മാത്രമേ രോഗലക്ഷണം കാണിക്കാറുള്ളുവെന്നും ലേഖനത്തിൽ പറയുന്നു. രോഗലക്ഷണം കാണിക്കാത്തതിനാൽ തന്നെ മുൻകരുതൽ നടപടി സ്വീകരിക്കാൻ കഴിയാതെ വരികയും കൂടുതൽ പേരിലേക്ക് രോഗം പകരുകയും ചെയ്യുകയാണ് പതിവ്. രോഗലക്ഷണമുണ്ടാകുകയാണെങ്കിൽ കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കുന്നത് തടയാൻ സാധിക്കും.
'രോഗബാധിതർ ഐസൊലേഷൻ നടപടികൾ സ്വീകരിക്കുകയാണെങ്കിൽ കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കുന്നത് ഒഴിവാക്കാനാകും. കോവിഡ് സ്ഥിരീകരിച്ചാൽ നിർബന്ധമായും നിരീക്ഷണത്തിൽ പോകുകയും വീട്ടിൽ തന്നെ കഴിയുകയും വേണം. രോഗികൾക്കായി പ്രത്യേകം കിടപ്പുമുറിയും ശുചിമുറിയും ഒരുക്കുന്നതും രോഗവ്യാപനം കുറക്കാൻ സാധിക്കും' -ഗവേഷകർ പറയുന്നു.
പരിശോധന നടത്തുന്നതിന് മുമ്പുതന്നെ നീരീക്ഷണത്തിൽപോകണം. പരിശോധന ഫലം വരാൻ വൈകിയാൽ നിരീക്ഷണത്തിൽ അല്ലെങ്കിൽ കൂടുതൽ പേരിലേക്ക് പകരാൻ ഇടയാക്കുമെന്നും ലേഖനത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.