ലണ്ടൻ: ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളിൽ കനത്ത നാശം വിതച്ച കോവിഡ് ഡെൽറ്റ വകഭേദത്തേക്കാൾ ഭീകരനായ 'ലാംഡ' വകഭേദം 30ലധികം രാജ്യങ്ങളിൽ കണ്ടെത്തിയതായി യു.കെ ആരോഗ്യ മന്ത്രാലയം. ലോകത്ത് ഏറ്റവും ഉയർന്ന് കോവിഡ് മരണനിരക്കുള്ള പെറുവിലാണ് ലാംഡ വകഭേദം ആദ്യമായി കണ്ടെത്തിയത്.
യു.കെയിൽ ഇതുവരെ ആറ് ലാംഡ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലാംഡ വകഭേദം ഡെൽറ്റ വകഭേദത്തേക്കാൾ വിനാശകാരിയാണെന്ന് ഗവേഷകർ കണ്ടെത്തിയതായി 'ദ സ്റ്റാർ' റിപ്പോർട്ട് ചെയ്തു.
പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ റിപ്പോർട്ട് പ്രകാരം മേയ്, ജൂൺ മാസങ്ങളിൽ പെറുവിൽ സ്ഥിരീകരിച്ച 82 ശതമാനം കോവിഡ് കേസുകളുടെയും സാംപിളുകൾ ലാംഡയുടേതാണെന്ന് യൂറോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ജൂൺ 30നകം എട്ട് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും കരീബിയൻ രാജ്യങ്ങളിലും ലാംഡ റിപ്പോർട്ട് ചെയ്തതായി പി.എ.എച്ച്.ഒ റീജ്യനൽ അഡ്വൈസർ ജെയ്റോ മെൻഡസ് വ്യക്തമാക്കി.
എന്നാൽ ലാംഡ വകഭേദം അതിവ്യാപന ശേഷിയുള്ളതായി തെളിയിക്കുന്ന കൃത്യമായ തെളിവുകൾ ലഭ്യമായിട്ടില്ലെന്ന് മെൻഡസ് പറഞ്ഞു. ഡെൽറ്റ വകഭേദത്തിനെതിരായ പോരാട്ടം ഇനിയും അവസാനിക്കാത്ത സാഹചര്യത്തിലാണ് ലാംഡ യൂറോപ്പിലേക്കെത്തുന്നത്. ഇന്ത്യയിലായിരുന്നു ഡെൽറ്റ വകഭേദം ആദ്യമായി കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.