തോക്ക് ഉപയോഗത്തിന് ക്രാഷ് കോഴ്സ്; യുക്രെയ്നിൽ സന്നദ്ധ ഭടൻമാരാകാൻ തയാറായത് ലക്ഷത്തിലധികം പേർ

ലിവിവ്: റഷ്യ ആക്രമണം അഴിച്ചുവിടുന്നതിന് മുമ്പ് യുക്രെയ്ൻകാരനായ ആൻഡ്രി സെൻകിവ് ഒരു സമാധാനവാദിയായിരുന്നു. കായിക മേഖലയെക്കുറിച്ച് ബ്ലോഗ് എഴുതലായിരുന്നു അ​ദ്ദേഹത്തിന്റെ ജോലി. ജീവിതത്തിൽ ഒരിക്കൽപോലും ഈ 27കാരൻ തോക്ക് കൈവശം വെച്ചിട്ടില്ല. എന്നാൽ, 11 ദിവസങ്ങൾക്ക് ശേഷം പടിഞ്ഞാറൻ നഗരമായ ലിവിവിൽ മറ്റ് 30 പേരുമെത്ത് തോക്കുകൾ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് പഠിക്കുകയാണ് അദ്ദേഹം. കൂടെ സെയിൽസ്മാൻ, ഐ.ടി വിദഗ്ധർ, ഷെഫ്, ഫുട്ബാൾ താരങ്ങൾ എന്നിവരെല്ലാമുണ്ട്.

വളരെക്കാലം മുമ്പ് ഇല്ലാതാകേണ്ട കഴിവുകൾ 21-ാം നൂറ്റാണ്ടിൽ വീണ്ടും ഉയർന്ന ഡിമാൻഡിൽ വരുന്നത് ഭയാനകമാണെന്ന് സെൻകിവ് പറയുന്നു. റഷ്യൻ സൈനികരെ യുദ്ധം ചെയ്ത് കൊല്ലാൻ തയാറാണോ എന്ന ചോദ്യത്തിന്, 'ഞാൻ തയാറല്ല, പക്ഷേ വേണ്ടി വന്നാൽ അത് ചെയ്യുമെന്നും' അദ്ദേഹം വ്യക്തമാക്കുന്നു. ഓരോ യുക്രെയ്ൻ പൗരന്റെയും മാനസികാവസ്ഥയാണ് സെൻകിവിന്റെ വാക്കുകളിലൂടെ പുറത്തുവരുന്നത്.

സോവിയറ്റ് യൂനിയൻ കാലഘട്ടത്തിൽ അവരുടെ പ്രചാരണ സിനിമകൾ പ്രദർശിപ്പിക്കുന്ന മുൻ റഷ്യൻ സാംസ്കാരിക കേന്ദ്രത്തിലാണ് ഇവർ പരിശീലനം നടത്തുന്നത്. ഈ കെട്ടിടം ഇപ്പോൾ വാരിയേഴ്സ് ഹൗസ് എന്നാണ് അറിയപ്പെടുന്നത്. ഇതിന്റെ ചുവരുകളിൽ 2014ൽ കിഴക്കൻ ഡോൺബാസ് മേഖലയിൽ റഷ്യൻ പിന്തുണയുള്ള വിഘടനവാദികളോട് പോരാടിയ യുക്രേനിയൻ സൈനികരുടെ ഛായാചിത്രങ്ങളുണ്ട്. അഗ്നിശമന സേനാംഗമായ ഡെന്നിസ് കോഹട്ട് ആണ് സന്നദ്ധ പോരാളികളുടെ പരിശീലകൻ. ഇദ്ദേഹം നേരത്തെ ഡോൺബാസിൽ രാജ്യത്തിന് വേണ്ടി ആയുധമേന്തിയ വ്യക്തിയാണ്.


മൂന്ന് ആക്രമണ റൈഫിളുകൾ മേശപ്പുറത്ത് വെയ്ക്കുകയും അവ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിക്കുകയും ചെയ്തുകൊണ്ടാണ് അദ്ദേഹം പരിശീലനം ആരംഭിച്ചത്. ആഴ്‌ചകൾ നീളേണ്ട പരിശീലനം ദിവസങ്ങൾക്കുള്ളിലാണ് അവസാനിപ്പിക്കുന്നത്. 'ഈ മുറിയിലുള്ള 10 പേർ പോലും തോക്കെടുത്ത് റഷ്യൻ സൈനികരെ വെടിവച്ചാൽ പരിശീലനം വിലമതിക്കും' -ഡെന്നിസ് കോഹട്ട് പറഞ്ഞു.

തന്റെ റൈഫിൾ ഉയർത്തി എങ്ങനെ ശരിയായി നിൽക്കണമെന്ന് കോഹട്ട് സന്നദ്ധപ്രവർത്തകർക്ക് കാണിച്ചുകൊടുത്തു. 'നിങ്ങളുടെ ഉപകരണങ്ങൾ ശരിക്കും ഭാരമുള്ളതാണ്, ഷൂട്ടിംഗ് ചെയ്യുമ്പോൾ നിങ്ങൾ മറിഞ്ഞുവീണേക്കാം' -അദ്ദേഹം പറഞ്ഞു. സ്വയം വെടിയേൽക്കാതിരിക്കാനും കൂട്ടത്തിലുള്ളവരെ വെടിവെക്കാതിരിക്കാനും ഇദ്ദേഹം പരിശീലനം നൽകുന്നുണ്ട്. ബോംബാക്രമണ സമയത്ത് എങ്ങനെ അതിൽനിന്ന് രക്ഷപ്പെടാം എന്നതും പരിശീലനത്തിന്റെ ഭാഗമാണ്. നാഷനൽ ഗാർഡ് ഓഫ് യുക്രെയ്‌നിന്റെ കണക്കനുസരിച്ച് ഒരു ലക്ഷത്തിലധികം യുക്രേനിയൻ പുരുഷന്മാർ പോരാട്ടത്തിന് സന്നദ്ധരായി മുന്നോട്ടുവന്നിട്ടുണ്ട്.

Tags:    
News Summary - Crash course for gun use; More than a million people are volunteering in Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.