ബംഗ്ലാദേശിലെ ക്ഷേത്രത്തിന് മോദി സമ്മാനിച്ച കിരീടം മോഷണം പോയി; അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

ന്യൂഡൽഹി: ബംഗ്ലാദേശിലെ ക്ഷേത്രത്തിലെ കാളി പ്രതിഷ്ഠക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനിച്ച കിരീടം മോഷണം പോയി. സംഭവത്തിൽ ഇന്ത്യൻ എംബസി ആശങ്കയറിച്ചു. കിരീടം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇന്ത്യൻ എംബസി ബംഗ്ലാദേശ് സർക്കാറിനോട് ആവശ്യപ്പെട്ടു. 2021ലെ ബംഗ്ലാദേശ് സന്ദർശനത്തിനിടെയാണ് ജെശോരേശ്വരി കാളി ക്ഷേത്രത്തിന് മോദി കിരീടം സമ്മാനിച്ചത്. ഹിന്ദു പുരാണമനുസരിച്ച് ഇന്ത്യയിലും അയൽരാജ്യങ്ങളിലുമായി ചിതറിക്കിടക്കുന്ന 51 ശക്തിപീഠങ്ങളിൽ ഒന്നാണ് ജെശോരേശ്വരി ക്ഷേത്രം.

വ്യാഴാഴ്ച ഉച്ചക്ക് രണ്ടിനും രണ്ടരക്കും ഇടയിലാണ് കാളി ദേവിയുടെ കിരീടം മോഷണം പോയത്. ക്ഷേത്രത്തിലെ ശുചീകരണ ജീവനക്കാരാണ് കിരീടം നഷ്ടപ്പെട്ടത് ആദ്യം കണ്ടെത്തിയത്. ക്ഷേത്ര പൂജാരി ദിലീപ് മുഖർജി പൂജ കഴിഞ്ഞ് പോയതിനു ശേഷമാണ് കിരീടം നഷ്ടമായത്. തുടർന്ന് വിവരം എല്ലാവരെയും അറിയിച്ചു. സംഭവത്തിൽ ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് ശ്യാംനഗർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ തൈസുല്‍ ഇസ്‍ലാം പറഞ്ഞു.

സ്വർണവും വെള്ളിയും കൊണ്ട് നിർമിച്ച കിരീടത്തിനു സാംസ്കാരികവും മതപരവുമായ പ്രാധാന്യമുണ്ട്.  സാഥിറയിൽ സ്ഥിതി ചെയ്യുന്ന ​കാളി ക്ഷേത്രത്തിന് ഏറെ ചരിത്രപ്രാധാന്യവുമുണ്ട്. 12ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണിത്.

Tags:    
News Summary - Crown of Goddess Kali gifted by PM Modi stolen from Bangladesh temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.