ബൈറൂത്: ലബനാന്റെ തലസ്ഥാനമായ ബൈറൂതിന് തൊട്ടടുത്ത ജനവാസ കേന്ദ്രമായ ദാഹിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 37 ആയി. മൂന്ന് കുഞ്ഞുങ്ങളും ഏഴ് സ്ത്രീകളും കൊല്ലപ്പെട്ടവരിലുൾപ്പെടുമെന്ന് ലബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
വെള്ളിയാഴ്ചയായിരുന്നു ദാഹിയയിൽ രണ്ട് കെട്ടിടങ്ങൾ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർത്തത്. 60ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടങ്ങൾക്കിടയിൽ കാണാതായ 17 പേർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്.
താമസകേന്ദ്രത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണം യുദ്ധക്കുറ്റമാണെന്ന് മന്ത്രി അലി ഹമീയ പറഞ്ഞു. മേഖലയെ ഒന്നാകെ ഇസ്രായേൽ യുദ്ധമുഖത്തേക്ക് വലിച്ചിഴക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
റദ്‍വാൻ സേന യൂനിറ്റിന്റെ യോഗത്തിനിടെയാണ് ആക്രമണം നടന്നതെന്നും നിരവധി ഹിസ്ബുല്ല കമാൻഡർമാർ കൊല്ലപ്പെട്ടതായും ഇസ്രായേൽ സൈനിക വക്താവ് അവിഷായ് ആൻഡ്രി പറഞ്ഞു.
അതേസമയം, തങ്ങളുടെ രണ്ട് ഉന്നത കമാൻഡർമാർ കൊല്ലപ്പെട്ട കാര്യം ഹിസ്ബുല്ല സ്ഥിരീകരിച്ചു. ഇബ്രാഹിം ആഖീൽ, അഹമ്മദ് മഹമൂദ് വഹാബി എന്നിവരാണ് കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുടെ റദ്‍വാൻ സേനയുടെ മുതിർന്ന കമാൻഡറാണ് വഹാബി. ഹിസ്ബുല്ലയുടെ ഏറ്റവും ഉയർന്ന സൈനിക വിഭാഗമായ ജിഹാദ് കൗൺസിൽ അംഗമാണ് ഇബ്രാഹീം ആഖിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.