ഗസ്സ യുദ്ധത്തിൽ 435 സൈനികർ ​കൊല്ലപ്പെട്ടതായി ഇസ്രായേൽ

ഗസ്സ സിറ്റി: ഗസ്സ മുനമ്പിൽ കരയുദ്ധം ശക്തിപ്പെടുത്തിയ ഇസ്രായേലിന് ഹമാസിന്‍റെ ചെറുത്തുനിൽപിനു മുന്നിൽ കൂടുതൽ സൈനികരെ നഷ്ടമാകുന്നുവെന്ന് ഇസ്രായേൽ മാധ്യമങ്ങൾ. ഇതുവരെയായി ഉയർന്ന ഓഫിസർമാരടക്കം 435 സൈനികർ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ വെളിപ്പെടുത്തി.

എന്നാൽ, ഓഫിസർമാരും സൈനികരും ഉൾപ്പെടെ 111 പേർ കരയുദ്ധത്തിൽ കൊല്ലപ്പെട്ടതായാണ് ഇസ്രായേലിന്‍റെ ഔദ്യോഗിക അറിയിപ്പ്. 20 സൈനികർ സഹപ്രവർത്തകരുടെ തന്നെ ‘സൗഹൃദ വെടിവെപ്പിൽ’ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം ചൊവ്വാഴ്ച അറിയിച്ചു.


കരയുദ്ധം ഇസ്രായേൽ സേനക്ക് സങ്കീർണമായിത്തീരുന്നതായും ഹമാസ് പോരാളികളുടെ മിന്നലാക്രമണങ്ങൾ പ്രതിരോധിക്കാൻ അവർ പ്രയാസപ്പെടുന്നതായും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് സൗഹൃദ വെടിയുടെ വിശദീകരണവുമായി ഇന്നലെ സേനവക്താവ് രംഗത്തുവന്നത്. ഇസ്രായേൽ സൈന്യത്തിന്‍റെ കണക്കുപ്രകാരം, കരയുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ അഞ്ചിലൊന്നും ആൾ മാറിയ സൗഹൃദ വെടിവെപ്പിലാണ് കൊല്ലപ്പെട്ടത്.

ഫലസ്തീൻ പോരാളികളാണെന്ന് തെറ്റിദ്ധരിച്ച് നടത്തിയ വെടിവെപ്പിൽ 13 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ ആർമി റേഡിയോ പറഞ്ഞു. ലക്ഷ്യം തെറ്റിയുള്ള വെടിയേറ്റാണ് ഒരു സൈനികൻ മരിച്ചത്. ടാങ്ക് ദേഹത്ത് കയറി രണ്ടുപേരും മരിച്ചു. ഒരു ടാങ്കിെന്റ പിന്നിൽ മെഷീൻ ഗണ്ണിൽനിന്നുള്ള ബുള്ളറ്റ് പതിച്ച് രണ്ടുപേരും സൈനികായുധങ്ങളിൽനിന്നുള്ള അവശിഷ്ടങ്ങൾ പതിച്ച് രണ്ടു പേരും കൊല്ലപ്പെട്ടു.

കരയുദ്ധത്തിൽ പങ്കെടുക്കുന്ന സൈനികരുടെ എണ്ണക്കൂടുതൽ, പോരാട്ടത്തിന്റെ ദൈർഘ്യവും സ്വഭാവവും, ക്ഷീണം, പ്രവർത്തന അച്ചടക്കമില്ലായ്മ, ഏകോപനമില്ലായ്മ എന്നിവയുൾപ്പെടെ വിവിധ കാരണങ്ങളാലാണ് സൈനികരുടെ മരണസംഖ്യക്ക് പ്രധാന കാരണമെന്ന് ഇസ്രായേലി സൈന്യം പറയുന്നു.

Tags:    
News Summary - Death toll of Israeli soldiers in the Gaza war has risen to 435 since October 7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.