ന്യൂയോർക്ക്: അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ കാണാതായ ടൈറ്റന്‍ അന്തര്‍വാഹിനിക്കായുള്ള തിരച്ചിലിനിടെ ടൈറ്റാനിക് കപ്പലിനു സമീപം അവശിഷ്ടങ്ങള്‍ കണ്ടെത്തി. അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാൽ, ഇത് കാണാതായ അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങളാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
‘ഓഷൻഗേറ്റ് ടൈറ്റൻ’ പേടകത്തിനായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്. പേടകത്തിലുള്ള അഞ്ചു പേർക്ക് ജീവൻ നിലനിർത്താനുള്ള ഓക്സിജൻ തീർന്നിരിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഞായറാഴ്ച മുതൽ കാണാതായ പേടകത്തിൽ 96 മണിക്കൂർ ഉപയോഗിക്കാനുള്ള ഓക്സിജനാണ് ഉണ്ടായിരുന്നത്. പേടകത്തിലുള്ളവരെ രക്ഷിക്കാൻ പരമാവധി ശ്രമിക്കുമെന്ന് യു.എസ് കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.
തിരച്ചിലിനിടെ പലതവണ കടലിന്റെ അടിത്തട്ടിൽനിന്ന് ശബ്ദം കേട്ടെങ്കിലും ഇത് എന്താണെന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഞായറാഴ്ചയാണ് ടൈറ്റാനികിന്റെ അവശിഷ്ടങ്ങൾ കാണാനായി അഞ്ച് യാത്രികരുമായി അന്തർവാഹിനി യാത്ര തിരിച്ചത്. രണ്ട് മണിക്കൂറിനുള്ളിൽ അന്തർവാഹിനിയുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
അറ്റ്‌ലാന്റിക് സമുദ്രത്തിൽ, സമുദ്രോപരിതലത്തിൽനിന്ന് ഏകദേശം 3,800 മീറ്റർ (12,500 അടി) താഴെയാണ് ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങളുള്ളത്. കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡിൽനിന്ന് ഏതാണ്ട് 3700 മൈൽ അകലെയാണത്. ഏതാണ്ട് 21 അടി നീളമുള്ള അന്തർവാഹിനിയിലാണ് അഞ്ചംഗ സംഘം യാത്ര തിരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.