1. പ്രളയത്തിൽ തകർന്ന ഡെർന നഗരം 2. ഡെർനയിൽ കൂട്ടിയിട്ട മൃതദേഹങ്ങളിൽ ബന്ധുക്കളെ തിരയുന്നവർ

ദുരന്ത തീരമായി ഡെർന; നഗരം നാമാവശേഷമായത് ഒറ്റരാത്രി കൊണ്ട്

ഡെർന: വെള്ളച്ചായം പൂശിയ വീടുകൾക്കും ഈന്തപ്പനത്തോട്ടങ്ങൾക്കും പേരുകേട്ട ഡെർന ഇന്ന് അക്ഷരാർഥത്തിൽ മരണ തീരമാണ്. ലിബിയൻ തലസ്ഥാനമായ ട്രിപളിയിൽ നിന്ന് ഏകദേശം 900 കിലോമീറ്റർ കിഴക്ക് സ്ഥിതി ചെയ്യുന്ന നഗരം ഒറ്റരാത്രി കൊണ്ടാണ് നാമാവശേഷമായത്.

ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ പേമാരിയിൽ അണക്കെട്ടുകൾ തകർന്നത് ഡെർനയെ മരണതീരമാക്കിമാറ്റി. ലിബിയയുടെ കിഴക്കൻ നഗരങ്ങളെ മൊത്തത്തിൽ കൊടുങ്കാറ്റ് വെള്ളപ്പൊക്കത്തിലാഴ്ത്തിയെങ്കിലും കൊടിയ ദുരന്തം വിതച്ചത് ഡെർനയിലാണ്. ഞായറാഴ്ച രാത്രി വലിയ ശബ്ദം കേട്ടതായി നഗരവാസികൾ പറഞ്ഞു. മലകളിൽനിന്ന് നഗരത്തിലൂടെ കടലിലേക്ക് ഒഴുകുന്ന വാദി ഡെർന നദിയിലൂടെ പ്രളയം ജലം ഇരച്ചെത്തുകയായിരുന്നു. ഏഴ് മീറ്റർ ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. കുടുംബങ്ങൾ ഒന്നാകെ കടലിലേക്ക് ഒലിച്ചുപോയി.

നഗരത്തിലെ കെട്ടിടങ്ങൾ ഏറക്കുറെ തകർന്നു തരിപ്പണമായി. പലയിടത്തും അപാർട്ട്മെന്റുകൾ പൂർണമായാണ് ഒഴുകിപ്പോയത്. അഞ്ചു പാലങ്ങളും ഇല്ലാതായി. 30 കിലോമീറ്റർ പരിധിയിൽ റോഡുകളും നാമാവശേഷമായി. നഗരത്തിലെ തെരുവുകളിലും അവശിഷ്ടങ്ങൾക്കടിയിലും നിരവധി മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. പ്രളയത്തിൽ കടലിലേക്ക് ഒഴുകിപ്പോയ മൃതദേഹങ്ങൾ പലതും പിന്നീട് തീരത്ത് അടിഞ്ഞിട്ടുണ്ട്.

ബുധനാഴ്ച രാവിലെവരെ 2,000ലധികം മൃതദേഹങ്ങൾ കണ്ടെത്തിയതായും അതിൽ പകുതിയിലേറെയും ഡെർനയിലെ കൂട്ടക്കുഴിമാടങ്ങളിൽ ഖബറടക്കിയതായും കിഴക്കൻ ലിബിയയുടെ ആരോഗ്യമന്ത്രി ഒത്മാൻ അബ്ദുൾജലീൽ പറഞ്ഞു.

നൂറുകണക്കിന് മൃതദേഹങ്ങൾ സമീപ നഗരങ്ങളിലെ മോർച്ചറികളിലേക്ക് മാറ്റി. മരണസംഖ്യ കുത്തനെ ഉയരുമെന്ന ആശങ്ക നിലനിൽക്കുകയാണ്. നഗരത്തിലെ രണ്ടു ആശുപത്രികളും മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞത് ചികിത്സ ലഭ്യമാക്കുന്നത് പ്രയാസത്തിലാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ കൂടുതൽ ആശുപത്രികൾ തുറക്കണമെന്ന മുറവിളികളുണ്ടെങ്കിലും ഗദ്ദാഫിക്കു ശേഷം കെട്ടുറപ്പുള്ള ഭരണകൂടം പോലും ഇല്ലാതായത് സ്ഥിതി ഗുരുതരമാക്കുകയാണ്.

നഗരത്തിലേക്കുള്ള ഏഴ് റോഡുകളിൽ രണ്ടെണ്ണം മാത്രമേ അവശേഷിക്കുന്നുള്ളു. നഗരത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഡെർന നദിക്ക് മുകളിലൂടെയുള്ള പാലങ്ങളും തകർന്നു. ഇത് രക്ഷാപ്രവർത്തകർക്ക് സഹായവുമായി എത്താൻ പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്.

കിഴക്കൻ ലിബിയയിലെ വെള്ളപ്പൊക്കം ബാധിച്ച ഡെർനയിലും മറ്റ് പട്ടണങ്ങളിലും 40,000 പേരെ മാറ്റിപ്പാർപ്പിച്ചതായി റെഡ്ക്രസന്റ് അധികൃതർ പറഞ്ഞു.

നീണ്ടകാലം രാജ്യം ഭരിച്ച മുഅമ്മർ ഗദ്ദാഫിയെ നാറ്റോ സേന കൊലപ്പെടുത്തിയ ശേഷം രാജ്യം കടുത്ത രാഷ്ട്രീയ അരക്ഷിതത്വത്തിൽ ഉഴറുകയാണ്. ഇതുമൂലം രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ പോലും അധികൃതരില്ലെന്നതാണ് സ്ഥിതി.

Tags:    
News Summary - Derna as Disaster Coast; More than 2,000 bodies have been found so far

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.