അയർലണ്ടിൽ വയറുവേദനക്ക് ചികിത്സതേടിയെത്തിയ 66 കാരിയുടെ എക്സറെ കണ്ട ഡോക്ടർമാർ അക്ഷരാർഥത്തിൽ ഞെട്ടി. ഒരു കൂട്ടം ബാറ്ററികളാണ് ഇവരുടെ വയറ്റിലുണ്ടായിരുന്നത്. 55 ബാറ്ററികളാണ് വയറ്റിൽ നിന്നും ഡോക്ടർമാർ നീക്കം ചെയ്തത്. സ്വയം അപകടപ്പെടുത്തുന്നതിനായാണ് ഇവർ ബാറ്ററി വിഴുങ്ങിയത്. ബാറ്ററികളുടെ ഭാരം കാരണം ആമാശയം പ്യൂബിക് എല്ലിന് മുകളിലേക്ക് തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു.
ആദ്യം ബാറ്ററികൾ മലത്തിലൂടെ പുറത്തുപോവുമെന്നാണ് ഡോക്ടർമാർ കരുതിയിരുന്നത്. നാലു ബാറ്ററികൾ ഇത്തരത്തിൽ പോവുകയും ചെയ്തു. എന്നാൽ മൂന്നാഴ്ചകൾക്ക് ശേഷം എടുത്ത എക്സ്റെയിൽ ബാറ്ററികൾ കുടുങ്ങിക്കിടക്കുന്നതായി കണ്ടു. അപ്പോഴേക്കും ഇവർക്ക് കലശലായ വയറുവേദന അനുഭവപ്പെട്ട് തുടങ്ങിയിരുന്നു.
ഇതിനെതുടർന്ന് വയറ്റിൽ ദ്വാരമുണ്ടാക്കി 46 ബാറ്ററികൾ നീക്കം ചെയ്യുകയായിരുന്നു. പിന്നീട് വൻകുടലിൽ കുടുങ്ങിയ നാലു ബാറ്ററികളും നീക്കം ചെയ്തു. ഐറിഷ് മെഡിക്കൽ ജേർണലിൽ നിന്നുള്ള വിവരങ്ങളനുസരിച്ച് ഡബ്ലിനിലെ സെന്റ് വിൻസെന്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലാണ് ഇവർ.
66കാരിയുടെ വയറ്റിൽ നിന്നും ആകെ 55 ബാറ്ററികൾ നീക്കം ചെയ്തതായി ജേർണലിൽ പറയുന്നു. ലോകത്ത് റിപ്പോർട്ട് ചെയ്തവയിൽ ഏറ്റവും ഉയർന്ന എണ്ണമാണിത്. വയറ്റിൽ നിന്നും നീക്കം ചെയ്ത ബാറ്ററികൾക്ക് ഘടനാപരമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.
അതേസമയം, ബാറ്ററികൾ ശരീരത്തിലെത്തുന്നതിലൂടെ നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുമെന്നും എന്നാൽ ഭാഗ്യവശാൽ സ്ത്രീക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും ഡോക്ടർമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.