വാഷിങ്ടൺ: റിപബ്ലിക്കൻ പാർട്ടിയുടെ നേട്ടങ്ങളെ വ്യക്തിപരമായ വിജയമായി പ്രഖ്യാപിച്ച് യു.എസ് മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. രാജ്യത്ത് നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും പ്രശംസ ലഭിക്കാത്തിൽ താൻ നിരാശനാണെന്ന് അദ്ദേഹം പറഞ്ഞു. യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ പാർട്ടി തരംഗമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ഡെമോക്രാറ്റുകൾ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ വലിയ നേട്ടമുണ്ടാക്കാനാകാതെ പോയി.
തനിക്ക് പ്രശംസയേക്കാൾ കൂടുതൽ വിമർശനങ്ങളാണ് ലഭിക്കുന്നതെന്ന് തന്‍റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പറഞ്ഞു. റിപബ്ലിക്കൻ സ്ഥാനാർഥികളാരും നേടിയിട്ടില്ലാത്തത്ര വിജയമാണ് എനിക്ക് ലഭിച്ചത്. പക്ഷേ ചുരുക്കം ചിലർ മാത്രമാണ് എനിക്ക് അഭിനന്ദനങ്ങൾ നേർന്നത്.
താൻ അംഗീകരിച്ച മിക്ക സ്ഥാനാർഥികളും തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. ഇടക്കാല തെരഞ്ഞെടുപ്പിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും അതിനാലാണ് റിപബ്ലിക്കൻമാരിൽ ചിലർ പരാജയപ്പെട്ടതെന്നും ട്രംപ് ആരോപിച്ചു.
2024ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ താൻ രംഗത്തുണ്ടാകുമെന്ന സൂചനകൾ ട്രംപ് നേരത്തെ തന്നെ നൽകിയിരുന്നു. അതിനായുള്ള നീക്കങ്ങൾ ട്രംപ് കേന്ദ്രങ്ങൾ നടത്തുന്നുണ്ട്. എന്നാൽ, വീണ്ടും ഫ്ലോറിഡ ഗവർണറായി തെരഞ്ഞെടുക്കപ്പെട്ട റോൺ ഡിസാന്‍റിസിനാണ് റിപബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥിയായി അധികാരം തിരിച്ചുപിടിക്കാനാകുകയെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.