വാഷിങ്ടൺ: ഡോണൾഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൻ ശതകോടീശ്വരനും ടെസ്‍ല സ്ഥാപകനും എക്സ് ഉടമയുമായ ഇലോൺ മസ്കിന്റെ വൈറ്റ്ഹൗസ് സുരക്ഷ ഉപദേഷ്ടാവായി നിയമിക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ആ റിപ്പോർട്ട് തള്ളി രംഗത്തുവന്നിരിക്കുകയാണ് ഇലോൺ മസ്ക്. അത്തരത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നാണ് മസ്ക് പറയുന്നത്. ഇതുസംബന്ധിച്ച വാർത്തകൾക്കായിരുന്നു മസ്കിന്റെ എക്സ് പോസ്റ്റ്.
വാൾസ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച് ആദ്യം റിപ്പോർട്ട് നൽകിയത്. വൈറ്റ്ഹൗസ് ഉപദേഷ്ടാവാക്കുന്നത് സംബന്ധിച്ച് ട്രംപും മസ്കും തമ്മിൽ ചർച്ച നടത്തിയതായും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ജൂലൈയിൽ നടക്കുന്ന റിപ്പബ്ലിക്കൻ നാഷനൽ കൺവൻഷനിൽ മസ്കിനെ ക്ഷണിക്കാൻ ട്രംപിന്റെ കാമ്പയിൻ അധികൃതർക്ക് പദ്ധതിയുണ്ടെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തെ ട്രംപ് പ്രസിഡന്റ് പദവിയിലിരിക്കെ വൈറ്റ് ഹൗസിന്റെ ബിസിനസ് അഡ്വൈസറി ഗ്രൂപ്പില്‍ മസ്‌ക് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാൽ പാരീസ് കലാവസ്ഥ ഉടമ്പടിയിൽ നിന്ന് ട്രംപ് പിൻമാറിയതോടെ മസ്ക് ഈ സ്ഥാനങ്ങൾ രാജിവെച്ചു.
2024ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്കും സാമ്പത്തിക സഹായം നൽകില്ലെന്ന് ഈ വർഷാദ്യം മസ്ക് പ്രഖ്യാപിച്ചിരുന്നു. മാർച്ചിൽ ട്രംപും മസ്കും വ്യവസായിയായ നെൽസൺ പെൽറ്റ്സിന്റെ എസ്റ്റേറ്റിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. അന്നുമുതൽ കുടിയേറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്താറുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.
ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തപ്പോൾ മസ്ക് പ്രതികരിച്ചിരുന്നു. പിന്നീട് ട്വിറ്റർ ഏറ്റെടുത്തപ്പോൾ മസ്ക് ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കുകയും ചെയ്തു. എന്നാൽ സ്വന്തം സാമൂഹിക മാധ്യമ അക്കൗണ്ട് ആയ ട്രൂത്ത് സോഷ്യൽ മതിയെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു ട്രംപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.