'നാല് വർഷത്തിന് ശേഷം ഞാൻ നിങ്ങളെ വീണ്ടും കാണും'; 2024ൽ അധികാരത്തിലേക്ക് തിരിച്ചെത്തുമെന്ന് ട്രംപ്

വാഷിങ്ടൺ: 2024ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പോടെ താൻ അധികാരത്തിലേക്ക് മടങ്ങിവരുമെന്ന് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച വിടവാങ്ങൽ പരിപാടിയിൽ സംസാരിക്കവെയാണ് ട്രംപ് 2024ലും മത്സരത്തിനുണ്ടാവുമെന്ന് സൂചിപ്പിച്ചത്. 'വളരെ തൃപ്തികരമായിരുന്നു കഴിഞ്ഞ നാല് വർഷങ്ങൾ. മറ്റൊരു നാല് വർഷങ്ങൾ കൂടി ചെയ്യാൻ ഞങ്ങൾ ശ്രമിക്കുന്നു. ഞാൻ നിങ്ങളെ നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടും' -ട്രംപ് പറഞ്ഞു.

ജനുവരി 20നാണ് ട്രംപ് വൈറ്റ് ഹൗസ് ഒഴിഞ്ഞ് കൊടുക്കേണ്ടത്. അതിന് മുന്നോടിയായി പരമാവധി ആതിഥേയ പരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം എന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിപാടിയുടെ ലൈവ് വീഡിയോ ഓക്ലഹോമ റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ അംഗം പാം പൊള്ളാർഡ് പുറത്തുവിട്ടിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്ന പലരും മാസ്ക് ധരിച്ചിട്ടില്ലായിരുന്നു. അടഞ്ഞുകിടക്കുന്ന ഹാളിലേക്ക് നിരവധി പേർ തള്ളിക്കയറുന്നതായും വിഡിയോയിൽ കാണാം.

അമേരിക്കയിൽ കോവിഡ് 19 അതിവേഗം പടർന്നുപിടിച്ച ഇടങ്ങളിലൊന്നാണ് വൈറ്റ് ഹൗസ്. ട്രംപും കുടുംബവുമടക്കമുള്ള നിരവധി പേർക്ക് വിവിധ ഘട്ടങ്ങളിലായി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനുപുറമെ രാജ്യത്ത് കോവിഡ് കേസുകൾ രൂക്ഷമായി കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തിൽ, പൊതു ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കാതെയുള്ള ട്രംപിന്‍റെ ആതിഥേയ-വിടവാങ്ങൽ പരിപാടികൾക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് വ്യത്യസ്ത കോണുകളിൽ നിന്നുയരുന്നത്.

Tags:    
News Summary - Donald Trump suggests 2024 presidential bid: 'I'll see you in four years'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.