ഖാലിദ് മിശ്അൽ ഹമാസ് തലവനായേക്കും; അറിയാം ഇസ്രായേലി​​ന്‍റെ വിഷപ്രയോഗത്തെ അതിജീവിച്ച മിശ്അലിനെ

ഗസ്സ: ‘ഹമാസ്’ തലവന്‍ യഹ്‌യ സിന്‍വാറി​ന്‍റെ മരണത്തിനു പിന്നാലെ ഹമാസ് വിദേശകാര്യ വിഭാഗം തലവന്‍ ഖാലിദ് മിശ്അൽ പുതിയ തലവനാകുമെന്ന് റിപ്പോര്‍ട്ട്. പ്രധാന ചർച്ചകളുടെയും തടവുകാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതി​ന്‍റെയും ഉത്തരവാദിത്തം നൽകി മിശ്അലിനെ ആക്ടിംഗ് തലവനായി തെരഞ്ഞെടുത്തതായി ലെബനാന്‍ മാധ്യമമായ എല്‍.ബി.സി.ഐ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം ഇസ്രായേല്‍ സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഹമാസ് തലവന്‍ യഹ്‌യ സിന്‍വാര്‍ കൊല്ലപ്പെടുന്നത്. ഹമാസും സിന്‍വാറുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ശത്രുക്കള്‍ക്കെതിരെ അവസാനശ്വാസം വരെ പോരാടിയതിന് ശേഷമാണ് സിന്‍വാര്‍ മരണപ്പെട്ടതെന്നും ജെറുസലേം തലസ്ഥാനമാക്കി ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും ഹമാസ് നേതൃത്വം വ്യക്തമാക്കി. തുടർന്നാണ് മിശ്അലി​ന്‍റെ നേതൃത്വവുമായി ബന്ധപ്പെട്ട റി​പ്പോർട്ട് വരുന്നത്.

ആരാണ് ഖാലിദ് മിശ്അൽ?

1997ൽ ജോർദാനിലെ അമ്മാനിലുള്ള ത​ന്‍റെ ഓഫിസിനു പുറത്ത് വിഷം കുത്തിവെച്ച് ഇസ്രായേൽ ഏജന്‍റുമാരുടെ കൊലപാതക ശ്രമത്തെ അതിജീവിച്ചതിന് ശേഷമാണ് ഖാലിദ് മിശ്അൽ ആഗോള ശ്രദ്ധ നേടിയത്. അന്നത്തെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവി​ന്‍റെ നിർദേശത്തിൽ നടപ്പാക്കിയ വധശ്രമം ജോർദാനിലെ ഹുസൈൻ രാജാവി​ന്‍റെ പ്രകോപനം ക്ഷണിച്ചുവരുത്തി. മറുമരുന്ന് നൽകിയില്ലെങ്കിൽ ഇസ്രായേലുമായുള്ള ജോർദാൻ സമാധാന ഉടമ്പടി റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി. ഈ എപ്പിസോഡ് ഫലസ്തീൻ ചെറുത്തുനിൽപ്പിനകത്ത് മിശ്അലിനെ ഹീറോ പരിവേഷത്തിലേക്ക് ഉയർത്തി. 1990 കളുടെ അവസാനം മുതൽ ഹമാസിലെ കേന്ദ്ര വ്യക്തിത്വങ്ങളിലൊരാളാണ് 68 കാരനായ മിശ്അൽ.

ജോർദാൻ നിയന്ത്രയണത്തിലായിരുന്ന വെസ്റ്റ് ബാങ്കിലെ സിൽവാദിലാണ് 1956ൽ മഷാൽ ജനിച്ചത്. ഒരു കർഷകനായിരുന്നു പിതാവ് അബ്ദുൽ ഖാദിർ മിശ്അൽ. 1936-39 കാലങ്ങളിലെ അറബ് പ്രക്ഷോഭത്തിൽ ഫലസ്തീൻ ഗറില്ല നേതാവ് അബ്ദുൽ ഖാദിർ അൽ ഹുസൈനിക്കൊപ്പം അദ്ദേഹം പങ്കെടുത്തിരുന്നു.

1967ലെ ആറ് ദിവസത്തെ യുദ്ധത്തിൽ വെസ്റ്റ് ബാങ്കിലും ഗസ്സ മുനമ്പിലും ഇസ്രായേൽ നടത്തിയ അധിനിവേശം മിശ്അലി​ന്‍റെ കുടുംബത്തെ ജോർദാനിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരാക്കി. ഒന്നോ രണ്ടോ മാസങ്ങൾക്ക് ശേഷം അവർ കുവൈറ്റിലേക്ക് ചേക്കേറി. അവിടെ മിശ്അൽ ഹൈസ്കൂൾ പഠനം പൂർത്തിയാക്കി. 1970കളുടെ തുടക്കത്തിൽ അദ്ദേഹം പ്രശസ്തമായ അബ്ദുല്ല അൽ സലിം സെക്കൻഡറി സ്കൂളിൽ പഠനം നടത്തി. 1971ൽ മുസ്‍ലിം ബ്രദർഹുഡിൽ ചേർന്നു. 74ൽ കുവൈറ്റ് യൂനിവേഴ്‌സിറ്റിയിൽ എൻറോൾ ചെയ്ത മിശ്അൽ, താമസിയാതെ വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് കടന്നു. 1977ലെ ജനറൽ യൂനിയൻ ഓഫ് പലസ്തീനിയൻ സ്റ്റുഡന്‍റസ് തെരഞ്ഞെടുപ്പിൽ ഇസ്ലാമിക് ജസ്റ്റിസ് ലിസ്റ്റി​ന്‍റെ തലവനായിരുന്നു. മുസ്‍ലിം ബ്രദർഹുഡി​ന്‍റെ ഭാഗമായ ഫലസ്തീനിയൻ ഇസ്‍ലാമിക് പ്രസ്ഥാനത്തെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. തെരഞ്ഞെടുപ്പ് റദ്ദാക്കുകയും അദ്ദേഹം ഫലസ്തീൻ വിദ്യാർത്ഥികൾക്കായി ഇസ്‍ലാമിക് ലീഗ് സ്ഥാപിക്കുകയും ചെയ്തു.1978ൽ മിശ്അൽ ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി.

1967ൽ അധിനിവേശം ആരംഭിച്ചതിനുശേഷം ആദ്യമായി 1975ൽ രണ്ട് മാസത്തേക്ക് ഇസ്രായേലിലും അധിനിവേശ പ്രദേശങ്ങളിലും വിപുലമായി സഞ്ചരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഈ യാത്ര 1948ലെയും 67ലെയും നഷ്ടങ്ങളെക്കുറിച്ചുള്ള ബോധവും ജന്മനാടിനോടുള്ള അദ്ദേഹത്തി​ന്‍റെ വികാരവും കൂടുതൽ ആഴത്തിലാക്കി. അദ്ദേഹം ത​ന്‍റെ ജീവിതത്തി​ന്‍റെ ഭൂരിഭാഗവും ഫലസ്തീനു  പുറത്താണ് ചെലവഴിച്ചത്. കുവൈറ്റ്, ജോർദാൻ, സിറിയ എന്നിവിടങ്ങളിൽ താമസിച്ചുപോന്നു. പിന്നീടത് ദോഹക്കും കെയ്‌റോക്കും ഇടയിലായി.


 അറബ് ലോകത്തി​ന്‍റെ മറ്റ് ഭാഗങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്നുവെന്ന കാരണത്താൽ അദ്ദേഹം ഹമാസി​ന്‍റെ ബാഹ്യ നേതൃത്വത്തി​ന്‍റെ ഭാഗമായി കണക്കാക്കപ്പെട്ടു. ഗസ്സ ആസ്ഥാനമായുള്ള മറ്റ് ഹമാസ് നേതാക്കൾക്കുള്ള യാത്രാനിയന്ത്രണങ്ങളില്ലാതെ അന്താരാഷ്ട്ര തലത്തിൽ ഗ്രൂപ്പിനെ പ്രതിനിധീകരിക്കാൻ അദ്ദേഹത്തെ ഇത് പ്രാപ്തനാക്കി.

1996ൽ ആദ്യമായി പ്രവാസത്തിലായിരുന്ന രാഷ്ട്രീയ നേതാവായി മിശ്അൽ. 2004ൽ ഹമാസ് നേതാക്കളായ ശൈഖ് അഹമ്മദ് യാസീൻ, അബ്ദുൽ അസീസ് അൽ റൻതീസി എന്നിവരുടെ കൊലപാതകത്തിനുശേഷം മിശ്അൽ സംഘടനയുടെ മൊത്തത്തിലുള്ള നേതൃത്വം ഏറ്റെടുത്തു. 2017ല്‍ ഇസ്മയില്‍ ഹനിയ്യ ചുലമതലയേറ്റപ്പോള്‍ മിശ്അൽ സംഘടനയുടെ പോളിറ്റ് ബ്യൂറോ സ്ഥാനമൊഴിഞ്ഞു.

അദ്ദേഹത്തി​ന്‍റെ നേതൃത്വ കാലയളവിൽ ആഭ്യന്തര സംഘർഷങ്ങളും നടന്നു. പ്രത്യേകിച്ച് ഫലസ്തീൻ അതോറിറ്റിയുമായുള്ള അനുരഞ്ജന ശ്രമങ്ങളും ഗസ്സ ആസ്ഥാനമായുള്ള ഹമാസ് നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളുമുണ്ടായി. ഇസ്രയേലി​ന്‍റെ നാശത്തിന് ആഹ്വാനം ചെയ്യുന്ന ഹമാസി​ന്‍റെ 1988 ലെ ചാർട്ടറിന് അനുസൃതമായി ഇസ്രായേലുമായുള്ള സ്ഥിരമായ സമാധാന ഉടമ്പടി ഖാലിദ് മിശ്അൽ നിരസിക്കുന്നു. എന്നിരുന്നാലും, ദീർഘകാല വെടിനിർത്തലിന് പകരമായി വെസ്റ്റ് ബാങ്ക്, ഗസ്സ മുനമ്പ്, കിഴക്കൻ ജറുസലേം എന്നിവിടങ്ങളിൽ ഫലസ്തീൻ രാഷ്ട്രം അംഗീകരിക്കാമെന്ന് അദ്ദേഹം സൂചിപ്പിച്ചു. സിറിയന്‍ പ്രസിഡന്‍റ് ബഷാറുല്‍ അസദിനെതിരായ പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചതിനാല്‍ ഇറാനുമായി മിശ്അലി​ന്‍റെ ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ഒക്‌ടോബർ 7ലെ ഹമാസ് ആക്രമണത്തെക്കുറിച്ച് മിശ്അൽ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഇത് ഫലസ്തീൻ പ്രശ്‌നത്തെ ആഗോള ശ്രദ്ധയിലേക്ക് തിരികെ കൊണ്ടുവന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇസ്രയേലിനെതിരായ പോരാട്ടത്തിൽ അറബികളും മുസ്‍ലികളും അണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Tags:    
News Summary - Meet Khaled Mashal, the alleged successor to Yahya Sinwar as Hamas chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.