വാഷിങ്ടൺ: ഒക്ടോബർ ഒന്നിന് നടത്തിയ കനത്ത മിസൈൽ ആക്രമണത്തിന് തിരിച്ചടിയായി ഇറാനെ ആക്രമിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി ചോർന്നുവെന്ന് റിപ്പോർട്ട്. യു.എസ് രഹസ്യാന്വേഷണ വിഭാഗത്തിൽനിന്നാണ് രേഖകൾ ചോർന്നത്. ഇതുസംബന്ധിച്ച് യു.എസ് അന്വേഷണം ആരംഭിച്ചുവെന്നും സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ചോർന്ന വിവരങ്ങളുടെ ആധികാരികത സ്ഥിരീകരിച്ചിട്ടുണ്ടെന്നും സംഭവം ഏറെ ആശങ്കയുള്ളതാണെന്നും യു.എസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഒക്ടോബർ 15, 16 തീയതികളിൽ തയാറാക്കിയ രേഖകളാണ് ചോർന്നത്. വെള്ളിയാഴ്ച മുതൽ ഈ രേഖകൾ ടെലിഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു. മിഡിൽ ഈസ്റ്റ് സ്പെക്ടേറ്റർ എന്ന അക്കൗണ്ടിലൂടെയാണ് രേഖകൾ ചോർന്നത്. അതിരഹസ്യ സ്വഭാവമുള്ള രേഖകളെന്ന് പറയുന്ന വിവരങ്ങളാണ് ചോർന്നത്. യു.എസിന് പുറമെ സഖ്യകക്ഷികളായ ആസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ്, യു.കെ തുടങ്ങിയ രാജ്യങ്ങൾക്ക് മാത്രമേ രേഖകളെക്കുറിച്ച് വിവരമുള്ളൂവെന്നാണ് സൂചന.
ഇറാനെ ആക്രമിക്കുന്നതിന്റെ ഭാഗമായി യുദ്ധോപകരണങ്ങൾ നീക്കുന്നത് സംബന്ധിച്ചാണ് രേഖകളിൽ ഒന്ന്. രണ്ടാമത്തെ രേഖകളിൽ ആക്രമണം നടത്തുന്നതിനായി ഇസ്രായേൽ വ്യോമസേന നടത്തുന്ന തയാറെടുപ്പുകളെക്കുറിച്ചാണ്. മിസൈലുകൾ ഉപയോഗിച്ചുള്ള ഇസ്രായേലി വ്യോമസേന അഭ്യാസങ്ങളെക്കുറിച്ചാണ് മറ്റൊരു രേഖയിലുള്ളത്. യു.എസിന്റെ ദേശീയ സുരക്ഷ ഏജൻസിയിൽനിന്നാണ് ഈ വിവരം ലഭിച്ചതെന്നും രേഖ പറയുന്നു. യു.എസ് പ്രതിരോധ വിഭാഗത്തിന്റെ കീഴിലുള്ള നാഷനൽ ജിയോസ്പേഷ്യൽ -ഇന്റലിജൻസ് ഏജൻസിയാണ് രേഖകൾ സമാഹരിച്ചത്. ഇസ്രായേലിന് ആണവായുധമുണ്ടെന്ന സൂചനയും ഒരു രേഖ നൽകുന്നുണ്ട്. ഇക്കാര്യം ഇസ്രായേൽ ഇതുവരെ സമ്മതിച്ചിട്ടില്ല. അതേസമയം, ഇറാനെതിരെ ഇസ്രായേൽ ആണവായുധം പ്രയോഗിക്കാൻ പദ്ധതിയിടുന്നതായി യു.എസിന് സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും രേഖ പറയുന്നു.
ചോർന്ന രേഖകൾ ആരൊക്കെയാണ് കൈകാര്യം ചെയ്തിരുന്നത് എന്നതിനെക്കുറിച്ചും അന്വേഷണം നടത്തും. പെന്റഗണിനൊപ്പം എഫ്.ബി.ഐയും യു.എസ് ഇന്റലിജൻസ് ഏജൻസിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. രേഖകൾ ചോർന്നത് യു.എസുമായുള്ള ബന്ധം വഷളാക്കുമെന്നാണ് സൂചന. രേഖ ചോർന്നത് സംബന്ധിച്ച് പെന്റഗണും എഫ്.ബി.ഐയും നാഷനൽ ജിയോസ്പേഷ്യൽ-ഇന്റലിജൻസ് ഏജൻസിയും പ്രതികരിച്ചിട്ടില്ല.
രേഖകൾ ബോധപൂർവം പുറത്തുവിട്ടതാണോ, ചോർത്തിയതാണോയെന്ന കാര്യം വ്യക്തമല്ല. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപിന്റെ പ്രചാരണ രേഖകൾ ഇറാൻ നേരത്തേ ചോർത്തിയിരുന്നു. ഇറാന്റെ ആക്രമണത്തിന് തിരിച്ചടി നൽകാനുള്ള ഇസ്രായേൽ പദ്ധതി ചോർന്നിട്ടുണ്ടെങ്കിൽ ഗുരുതര വിശ്വാസ ലംഘനമാണെന്നും ഭാവിയിൽ യു.എസ്-ഇസ്രായേൽ ഏകോപനത്തെ ബാധിക്കുമെന്നും മുൻ സി.ഐ.എ ഓഫിസറും പ്രതിരോധ വകുപ്പിന്റെ മുൻ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയുമായ മിക് മുൽറോയ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.