സുനിത വില്യംസിന് ഓവർടൈം ശമ്പളം നൽകുമോ? മറുപടിയുമായി ട്രംപ്
സുനിത വില്യംസ്, ഡോണൾഡ് ട്രംപ്

സുനിത വില്യംസിന് ഓവർടൈം ശമ്പളം നൽകുമോ? മറുപടിയുമായി ട്രംപ്

വാഷിങ്ടൺ: ബഹിരാകാശത്ത് ഒമ്പത് മാസത്തെ താമസത്തിനു ശേഷം ബുധനാഴ്ചയാണ് സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങിയെത്തിയത്. എട്ട് ദിവസത്തെ ദൗത്യത്തിനായി പുറപ്പെട്ട ബഹിരാകാശ യാത്രികരുടെ മടക്കം വിവിധ കാരണങ്ങളാൽ പിന്നീട് വൈകുകയായിരുന്നു. മുൻനിശ്ചയിച്ചതിനേക്കാൾ അധികമായി 278 ദിവസം ബഹിരാകാശ നിലയത്തിൽ കഴിഞ്ഞ സുനിതക്കും വിൽമോറിനും കൂടുതൽ ശമ്പളം നൽകുമോ എന്ന ചോദ്യത്തിന് രസകരമായ മറുപടി നൽകിയിരിക്കുകയാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

ഇതുവരെ ഇക്കാര്യം ആരും തന്നോട് സൂചിപ്പിച്ചിട്ടില്ലെന്നും, ആവശ്യമെങ്കിൽ സ്വന്തം പോക്കറ്റിൽനിന്ന് ബഹിരാകാശ യാത്രികർക്ക് പണം നൽകുമെന്നുമാണ് ട്രംപിന്‍റെ മറുപടി. അതേസമയം നാസയുടെ ബഹിരാകാശ യാത്രികരും യു.എസിലെ ഫെഡറൽ ജോലിക്കാരാണ്. സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളം തന്നെയാണ് ഇവർക്കും നൽകുന്നത്. ദൗത്യം നീട്ടിയാലും ഇവർക്കുള്ള ശമ്പളത്തിൽ മാറ്റമുണ്ടാകില്ല. ഓവർടൈം, വാരാന്ത്യം, അവധി ദിനങ്ങളിലെ ജോലി എന്നിവയൊന്നും അധിക ശമ്പളത്തിന് പരിഗണിക്കില്ല.

ബഹിരാകാശത്തേക്കുള്ള യാത്രപോവും സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക യാത്രയായാണ് കണക്കാക്കുന്നത്. എന്നാൽ യാത്രികരുടെ യാത്രാ, ഭക്ഷണ, താമസ ചെലവുകൾ നാസ വഹിക്കും. ദൈനംദിന ചെലവുകൾക്കായി അഞ്ച് ഡോളർ അധികമായി നൽകും. ഈ ഇനത്തിൽ സുനിത വില്യസിനും ബുച്ച് വിൽമോറിനും 1430 ഡോളർ (1,22,980 രൂപ) അധികമായി ലഭിക്കും. ഏകദേശം ഒരുലക്ഷം ഡോളറാണ് (86 ലക്ഷം രൂപ) ഇരുവരുടെയും ശമ്പളം.

ഇരുവർക്കും ഇത്രയേ ശമ്പളമുള്ളോ എന്നായിരുന്നു ട്രംപിന്‍റെ ആദ്യ പ്രതികരണം. അത് വളരെ ചെറിയ തുകയാണെന്ന് പറഞ്ഞ ട്രംപ്, ബഹിരാകാശ യാത്രികരെ തിരികെ എത്തിച്ച ഇലോൺ മസ്കിന് നന്ദി പറഞ്ഞു. ഇലോൺ മസ്കിന്‍റെ കമ്പനിയായ സ്പേസ് എക്സ് തയാറാക്കിയ ഡ്രാഗൺ ക്രൂ പേടകത്തിലാണ് ബഹിരാകാശ യാത്രികർ മടങ്ങിയെത്തിയത്. സുനിതയും വിൽമോറും നിലവിൽ ആരോഗ്യ വിദഗ്ധരുടെ മേൽനോട്ടത്തിലാണ്. ശാരീരിക ബുദ്ധിമുട്ടുകളില്ലെങ്കിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ ഇരുവരെയും വീട്ടിലേക്കയക്കും.

Tags:    
News Summary - Donald Trump Was Asked If Sunita Williams Would Get Overtime Salary. His Response

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.