വാഷിങ്ടൺ: ആയിരക്കണക്കിന് ജീവനക്കാരുടെ കൂട്ടപിരിച്ചുവിടൽ റദ്ദാക്കിയ കീഴ്കോടതി വിധിക്കെതിരെ ട്രംപ് ഭരണകൂടം സുപ്രീംകോടതിയിൽ. ജീവനക്കാരെ തിരിച്ചെടുക്കണമെന്ന കാലിഫോർണിയ, മേരിലാൻഡ് അടക്കമുള്ള കോടതികളുടെ ഉത്തരവിനെതിരെയാണ് ട്രംപ് സുപ്രീംകോടതിയെ സമീപിക്കുന്നത്. കുടിയേറ്റം, സർക്കാർ ചെലവ് തുടങ്ങിയവയിൽ ജഡ്ജിമാർ പല തരത്തിൽ സർക്കാർ നയങ്ങളിൽ തടസപ്പെടുത്തൽ നടത്തിയിട്ടുണ്ടെന്ന് ആക്ടിങ് സോളിസിറ്റർ ജനറൽ വ്യക്തമാക്കി.
19ഓളം ഫെഡറൽ ഏജൻസികളിൽ നിന്നാണ് പ്രൊബേഷനിലുള്ള ജീവനക്കാരെ ട്രംപ് ഭരണകൂടം പിരിച്ചുവിട്ടത്. ഈ നടപടിക്കെതിരെ ഡെമോക്രാറ്റ് പാർട്ടികൾ ഭരണത്തിലുള്ള സംസ്ഥാനങ്ങളാണ് കോടതിയെ സമീപിച്ചത്.
ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് യു.എസ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി, കൺസ്യൂമർ ഫിനാൻഷ്യൽ പ്രൊട്ടക്ഷൻ ബ്യൂറോ, യു.എസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ് തുടങ്ങിയ മൂന്ന് ഏജൻസികൾ ജീവനക്കാരെ പിരിച്ചുവിട്ടത്.
അഗ്രികൾച്ചർ, കോമേഴ്സ്, വിദ്യാഭ്യാസം, ഊർജം, ആരോഗ്യം, ഹ്യൂമൻ സർവീസ്, ഹോം ലാൻഡ് സെക്യൂരിറ്റി, ഹൗസിങ് ആൻഡ് അർബൻ ഡെവലപ്മെന്‍റ്, ഇന്റീരിയർ, ലേബർ, ട്രാൻസ്പോർട്ടേഷൻ, ട്രഷറി, വെറ്ററൻസ് തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരെയും തിരിച്ചെടുക്കാൻ കീഴ്കോടതി ഉത്തരവിട്ടിരുന്നു.
കൂട്ടപിരിച്ചുവിടൽ കേസുകളിൽ കോടതികളിൽ നിന്ന് തുടർച്ചയായി പ്രതികൂല വിധികൾ ഉണ്ടാവുന്നത് ഡോണൾഡ് ട്രംപിനും ഇലോൺ മസ്കിനും വലിയ തിരിച്ചടിയാണ്. ഇതാണ് ജീവനക്കാർക്ക് പുനർനിയമനം നൽകണമെന്ന് കീഴ്കോടതികളുടെ വിധിക്കെതിരെ ട്രംപ് ഭരണകൂടം സുപ്രീംകോടതിയെ സമീപിച്ചത്.
യു.എസ്. വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ കഴിഞ്ഞ ദിവസം പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചിരുന്നു. വിദ്യാഭ്യാസ നയം നടപ്പിലാക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും അതിനാൽ പൊതു വിദ്യാഭ്യാസത്തിന്‍റെ പൂർണ ചുമതല സംസ്ഥാനങ്ങൾക്ക് നൽകണമെന്നും ഉത്തരവ് പറയുന്നു. എന്നാൽ, ഈ ലക്ഷ്യം കൈവരിക്കുന്നതിന് ട്രംപിന് കോൺഗ്രസിന്‍റെയും അധ്യാപക യൂനിയനുകളുടെയും പിന്തുണ ആവശ്യമാണ്.
പ്രസിഡന്‍റായി സ്ഥാനമേറ്റപ്പോൾ ഫെഡറൽ വിദ്യാഭ്യാസ വകുപ്പ് ഉടൻ അടച്ചുപൂട്ടണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. വലിയ തട്ടിപ്പെന്നാണ് വിദ്യാഭ്യാസ വകുപ്പിനെ ട്രംപ് വിശേഷിപ്പിച്ചിരുന്നത്. പ്രസിഡന്‍റായ ആദ്യ ഊഴത്തിൽ തന്നെ ഇത് അടച്ചുപൂട്ടാൻ നിർദേശിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, പക്ഷേ കോൺഗ്രസ് നിർദേശം നടപ്പിലാക്കിയില്ല.
വിവിധ വിദ്യാഭ്യാസ സഹായങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ഈ വകുപ്പിൽ 4,200ലധികം പേർ ജോലി ചെയ്യുന്നുണ്ട്. ഈ വർഷം ആകെ 251 ബില്യൺ ഡോളർ ബജറ്റ് ചെലവഴിച്ചതായാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.