മോസ്കോ: റഷ്യയിലെ വടക്കുപടിഞ്ഞാറൻ നഗരമായ സ്കോവിലെ വിമാനത്താവളത്തിൽ വൻ ഡ്രോൺ ആക്രമണം. നാലു യാത്രാ വിമാനങ്ങൾ തകർന്നതായി റിപ്പോർട്ടുകളുണ്ട്.
ആക്രമണത്തിനു പിന്നിൽ യുക്രെയ്നാണെന്ന് റഷ്യ കുറ്റപ്പെടുത്തി. എസ്തോണിയയുടെ അതിർത്തിക്കു സമീപത്തുള്ള സ്കോവിലെ വിമാനത്താവളത്തിൽ ബുധനാഴ്ച പുലർച്ചെയാണ് കനത്ത ആക്രമണം ഉണ്ടായത്. സൈനിക, സിവിലിയൻ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതാണ് ഈ വിമാനത്താവളം. യുക്രെയ്നിൽനിന്ന് ഏകദേശം 600 കിലോമീറ്റർ അകലെയാണ് സ്കോവ്.
പ്രതിരോധ മന്ത്രാലയം സ്കോവ് വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം പ്രതിരോധിക്കുകയാണെന്ന് പ്രദേശിക ഗവർണർ മിഖായേൽ വെദർനികോവ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. സ്ഫോടന ശബ്ദത്തിന്‍റെയും വൻതോതിൽ പുക ഉയരുന്നതിന്‍റെയും സൈറൻ മുഴങ്ങുന്നതിന്‍റെയും വിഡിയോയും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, യുക്രെയ്ൻ ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. അടുത്തിടെ റഷ്യയിൽ യുക്രെയ്ൻ വൻതോതിൽ ഡ്രോൺ ആക്രമണം നടത്തുന്നുണ്ട്. അതേസമയം, കരിങ്കടലിൽ നാലു യുക്രെയ്ൻ സൈനിക ബോട്ടുകൾ അർധരാത്രിയിൽ തകർത്തതായി റഷ്യ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.