ഇസ്ലാമാബാദ്: ഒമ്പത് രാജ്യങ്ങളിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ പാകിസ്താനിലും അഫ്ഗാനിസ്താനിലുമായി 11 മരണം. മുന്നൂറിലേറെ പേർക്ക് പരിക്കേറ്റു. ഭൂകമ്പത്തിൽ നിരവധി വീടുകൾ തകർന്നു.
പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് കുട്ടി അടക്കം രണ്ടു പേർ മരിച്ചത്. സ്വാത്തിൽ 10 വയസുള്ള പെൺകുട്ടിക്കും ലോവർ ദറിൽ 24കാരനുമാണ് ജീവൻ നഷ്ടമായത്. സ്വാത് ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ 20 കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. പരിക്കേറ്റ 250 പേരെ സ്വാത് താഴ്വരയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 15 പേർക്ക് നേരിയ പരിക്കാണ് റിപ്പോർട്ട് ചെയ്തത്.
അഫ്ഗാനിസ്താനിൽ രണ്ട് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 20 പേർക്ക് പരിക്കേറ്റു. വീടുകളുടെ മേൽക്കൂര തകർന്നു വീണാണ് കൂടുതൽ പേർക്കും ജീവൻ നഷ്ടപ്പെട്ടത്.
ഡൽഹി, ജമ്മു-കശ്മീർ, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂകമ്പത്തിൽ ഇന്ത്യയിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഡൽഹിയിൽ ചില കെട്ടിടങ്ങൾക്ക് വിള്ളൽ ഉണ്ടായിട്ടുണ്ട്.
ഇന്ത്യ അടക്കം ഒമ്പത് രാജ്യങ്ങളിലാണ് ഇന്നലെ രാത്രി 10.20ന് ഭൂകമ്പമുണ്ടായത്. പാകിസ്താൻ-തജിക്കിസ്താൻ അതിർത്തിക്ക് സമീപം തെക്ക് -തെക്ക് കിഴക്ക് അഫ്ഗാൻ പട്ടണമായ ജുറുമിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി. ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്താൻ, ചൈന, തുര്‍ക്ക്‌മെനിസ്ഥാന്‍, കസാഖ്‌സ്താന്‍, താജിക്കിസ്താന്‍, ഉസ്‌ബെക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഭൂകമ്പം റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.