ഇസ്ലാമാബാദ്: ജനുവരിയിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്ന് പാകിസ്താൻ തെരഞ്ഞെടുപ്പ് കമീഷൻ. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സമയത്തെക്കുറിച്ച് പ്രസിഡന്റ് ആരിഫ് ആൽവി സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് കമീഷൻ വിശദീകരണവുമായി രംഗത്തെത്തിയത്.
അടുത്ത വർഷം ജനുവരിയിൽ തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത കാണുന്നില്ലെന്ന് ഒരു ടി.വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രസിഡന്റ് അഭിപ്രായ പ്രകടനം നടത്തിയത്. രാഷ്ട്രീയ നിരീക്ഷകരും തെരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. രാഷ്ട്രീയ പാർട്ടികളൊന്നും തെരഞ്ഞെടുപ്പിനുള്ള മാനസികാവസ്ഥയിലല്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ശൈത്യകാലത്തെ കഠിനമായ കാലാവസ്ഥ തെരഞ്ഞെടുപ്പ് പ്രക്രിയയെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും അവർ പറയുന്നു.
അതേസമയം, തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ പ്രസ്താവനയിൽ പറഞ്ഞു. അതിർത്തി പുനർനിർണയത്തിനുള്ള ആദ്യഘട്ടം പൂർത്തിയായി. പരാതികൾ സമർപ്പിക്കുന്നതിനുള്ള രണ്ടാംഘട്ടം വെള്ളിയാഴ്ച പൂർത്തിയായി. പ്രാഥമിക അതിർത്തി പുനർനിർണയത്തെക്കുറിച്ചുള്ള പരാതികളിൽ ഒക്ടോബർ 30,31 തീയതികളിൽ വാദം കേൾക്കും. നവംബർ 30ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. മണ്ഡലങ്ങളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചാലുടൻ തെരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിക്കുമെന്നും കമീഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.