ന്യൂയോർക്: സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്കിനെതിരെ വീണ്ടും ലൈംഗികാരോപണം. കമ്പനിയിലെ രണ്ട് വനിത ജീവനക്കാരെ മസ്ക് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്നും തന്റെ കുഞ്ഞുങ്ങളെ പ്രസവിക്കണമെന്ന് ആവശ്യപ്പെട്ടതായുമാണ് പരാതി. അതിലൊരാൾ ഇന്റേൺ ആണ്. വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത്തരം ദുഃസ്സഹമായ പെരുമാറ്റത്തിലൂടെ മസ്ക് തന്റെ കമ്പനി വനിതകൾക്ക് ജോലി ചെയ്യാൻ പറ്റാത്ത ഇടമാക്കി മാറ്റിയെന്നും പരാതിയിലുണ്ട്.
മസ്കിനെതിരെ ഉയരുന്ന ഏറ്റവും പുതിയ ആരോപണമാണിത്. കമ്പനിയുടെ ബോർഡ് അംഗങ്ങളുമായി പ്രവർത്തിക്കുമ്പോൾ പോലും എൽ.എസ്.ഡി, കൊക്കെയ്ൻ, മഷ്റൂം, കെറ്റമൈൻ എന്നിവ ഉപയോഗിക്കാറുണ്ടെന്ന് മസ്കിനെതിരെ ആരോപണം ഉയർന്നിരുന്നു. മസ്കിന്റെ തൊഴിലിടത്തിൽ സ്ത്രീകൾക്ക് ജോലി ചെയ്യാൻ പറ്റുന്ന അന്തരീക്ഷമായിരുന്നില്ല. ലൈംഗിക പീഡനങ്ങൾ സംബന്ധിച്ച തമാശകൾ അവിടെ പതിവായിരുന്നു. സ്ത്രീകൾക്ക് പുരുഷൻമാരെ അപേക്ഷിച്ച് കുറഞ്ഞ വേതനമായിരുന്നു നൽകിയിരുന്നത്. പരാതിപ്പെടുന്നവരെ നിർദയം പിരിച്ചുവിടും. തൊഴിലിടത്തിൽ സെക്സിസ്റ്റ് സംസ്കാരം കൊണ്ടുവരാനാണ് മസ്ക് ഉദ്ദേശിച്ചത്. ലൈംഗിക ധ്വനിയുള്ള പരാമർശങ്ങളും മറ്റ് കാര്യങ്ങളും വനിത ജീവനക്കാർ സഹിക്കുകയോ അവഗണിക്കുകയോ ആണിവിടെ പതിവ്.
2016ൽ താനുമായി ലൈംഗിക ബന്ധം പുലർത്തിയാൽ പകരം ഒരു കുതിരയെ സമ്മാനമായി നൽകാമെന്ന് മസ്ക് വാഗ്ദാനം ചെയ്തതായി സ്പേസ് എക്സ് ഫ്ലൈറ്റ് അറ്റന്റന്റ് ആരോപിച്ചിരുന്നു. നിരവധി തവണ മസ്കിന്റെ കുഞ്ഞുങ്ങളെ പ്രസവിക്കാൻ തന്നോട് ആവശ്യപ്പെട്ടതായി കാണിച്ച് 2013ൽ സ്പേസ് എക്സിലെ മറ്റൊരു വനിത ജീവനക്കാരിയും പരാതിപ്പെട്ടിരുന്നു. പിന്നീടവർ കമ്പനിയിൽ നിന്ന് രാജിവെക്കുകയായിരുന്നു. നിലവിൽ 10 കുട്ടികളെങ്കിലുമുണ്ട് മസ്കിന്. ലോകം ജനസംഖ്യ പ്രതിസന്ധി നേരിടുന്നതിന് പരിഹാരമായാണ് താൻ മുന്നോട്ട് വന്നിരിക്കുന്നത് എന്നാണ് മസ്കിന്റെ ന്യായീകരണം.
രാത്രികാലങ്ങളിൽ മസ്കിന്റെ വീട്ടിലുറങ്ങാൻ നിരവധി തവണ ക്ഷണം ലഭിച്ച കാര്യം മറ്റൊരു വനിത ജീവനക്കാരിയും വെളിപ്പെടുത്തി.അതിന്റെ ടെക്സ്റ്റ് മെസേജുകളും അവർ പുറത്തുവിട്ടു. എന്നാൽ സന്ദേശങ്ങൾക്ക് പിറ്റേ ദിവസം യുവതി മറുപടി നൽകുകയും ചെയ്തു. താൻ ഉറങ്ങിപ്പോയതിനാൽ മസ്കിന്റെ സന്ദേശം കണ്ടില്ലെന്നുമായിരുന്നു അവരുടെ മറുപടി. അതേസമയം ഈ ആരോപണങ്ങളെല്ലാം അവാസ്തവമാണെന്നായിരുന്നു സ്പേസ് എക്സിന്റെയും മസ്കിന്റെയും അഭിഭാഷകരുടെ വാദം. തങ്ങൾ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യനാണ് ഇലോൺ മസ്കെന്നും അഭിഭാഷകർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.