പാരിസ്: പാർലമെന്‍റിൽ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് വലതുപക്ഷ നേതാവായ മിഷേൽ ബാർനിയർ രാജിവെച്ചതിന് പിന്നാലെ പുതിയ പ്രധാനമന്ത്രിയെ ദിവസങ്ങൾക്കകം പ്രഖ്യാപിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ. രാജ്യത്തെ അഭിസംബോധന ചെയ്‌ത് 10 മിനിറ്റ് നീണ്ട പ്രസംഗത്തിൽ 2027ൽ ജനവിധി പൂർണമാവുന്നതുവരെ തന്റെ പദവിയിൽ തുടരുമെന്ന് മാക്രോൺ പ്രതിജ്ഞയെടുത്തു.
സോഷ്യലിസ്റ്റുകൾ ഇടതും വലതും പക്ഷത്തുള്ള സഹപ്രവർത്തകർക്കൊപ്പം ബുധനാഴ്ച വോട്ട് രേഖപ്പെടുത്തിയതോടെ മാക്രോൺ നിയമിച്ച് മൂന്ന് മാസത്തിന് ശേഷം ബാർനിയറുടെ പദവി തെറിക്കുകയായിരുന്നു. പ്രധാനമന്ത്രിയായിരുന്ന കാലയളവിലെ അർപ്പണബോധത്തിന് മാക്രോൺ ബാർനിയറിന് നന്ദി പറഞ്ഞു. സർക്കാറിനെ താഴെയിറക്കാൻ എം.പിമാർ ഒരു ‘റിപ്പബ്ലിക്കൻ വിരുദ്ധ മുന്നണി’യിൽ സഹകരിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
ഒരു സർക്കാറിനെ നിരസിക്കുന്നതിന് 60 വർഷത്തിനിടെ ആദ്യമായാണ് ഫ്രഞ്ച് പാർലമെന്‍റിൽ വോട്ടെടുപ്പ് നടന്നത്. ഫ്രാൻസിൽ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത് പ്രസിഡന്‍റാണ്. തുടർന്ന് സർക്കാർ ഭരിക്കുന്നു. എന്നാൽ, പ്രധാനമന്ത്രി പാർലമെന്‍റിനോട് ഉത്തരം പറയാൻ ബാധ്യസ്ഥമാണ്. പാർലമെന്‍റ് ഉടൻ തള്ളിക്കളയാത്ത ഒരാളെ കണ്ടെത്തുക എന്നത് മാക്രോണിന് ഏറെ ബുദ്ധിമുട്ടായിരിക്കും.സർക്കാർ രൂപീകരണത്തിൽ വിട്ടുവീഴ്ചക്ക് തയ്യാറായി ഹ്രസ്വകാല കരാറിന്റെ ഭാഗമായി സോഷ്യലിസ്റ്റ് നേതാക്കളുമായി മാക്രോൺ ചർച്ച നടത്തും.
ഫ്രഞ്ച് ദേശീയ അസംബ്ലി ഇപ്പോൾ ഇടത്, മധ്യം, വലത് എന്നിങ്ങനെ മൂന്ന് വലിയ വോട്ടിങ് ബ്ലോക്കുകളായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. മാക്രോണിന്റെ അടുത്ത പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് നീണ്ടുനിൽക്കണമെങ്കിൽ ഇനിയുള്ള സർക്കാറിൽ ചേരാൻ ഇടതു മുന്നണിയുടെ ഒരു ഭാഗത്തെയെങ്കിലും പ്രേരിപ്പിക്കേണ്ടിവരുമെന്ന് നിരീക്ഷകർ പറയുന്നു.
കഴിഞ്ഞ ജൂണിൽ പെട്ടെന്ന് തെരഞ്ഞെടുപ്പ് നടത്താനുള്ള മാക്രോണിന്റെ തീരുമാനം പാർലമെന്‍റ് സ്തംഭനാവസ്ഥയിലേക്ക് നയിച്ചിരുന്നു. ഏറ്റവും കൂടുതൽ വോട്ടു നേടിയ ഇടതുപാർട്ടിയെ തഴഞ്ഞ് നാലാംസ്ഥാനത്തുള്ള വലതുപക്ഷ നേതാവായ ബാർനിയനെ സർക്കാർ രൂപീകരിക്കാൻ മാക്രോൺ ക്ഷണിച്ചത് കടുത്ത വിമർശനത്തിനിടയാക്കി.
വ്യാഴാഴ്ച രാജിവെച്ച ബാർനിയർ പുതിയ സർക്കാർ അധികാരത്തിൽ വരുന്നതുവരെ മന്ത്രിമാർക്കൊപ്പം ഇടക്കാല പ്രധാനമന്ത്രി പദവിയിൽ തുടരും. അടുത്ത പ്രധാനമന്ത്രി ആരായിരിക്കുമെന്ന് മാക്രോൺ ഒരു സൂചനയും നൽകിയിട്ടില്ല. പൊതു താൽപര്യമുള്ള സർക്കാർ രൂപീകരിക്കുന്ന ഒരു പ്രധാനമന്ത്രിയെ വരുംദിവസങ്ങളിൽ നിയമിക്കുമെന്ന് ഫ്രഞ്ച് ജനതയോട് പറഞ്ഞ പ്രസിഡന്‍റ് നിരവധി രാഷ്ട്രീയ നേതാക്കളുമായി ചർച്ച നടത്താനിരിക്കുകയാണ്.
പാരീസിൽ പുനർനിർമിച്ച നോട്ടർദാം കത്തീഡ്രലിൻ്റെ അടുത്ത ആഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ നിയുക്ത യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോക നേതാക്കൾ പങ്കെടുക്കുന്നതിനു മുമ്പ് പുതിയ സർക്കാർ നിലവിൽ വരാനുള്ള സാധ്യതയില്ല. 2019 ഏപ്രിലിൽ കെട്ടിടം തീപിടുത്തത്തിൽ നശിച്ചിരുന്നു. അഞ്ചു വർഷത്തിനു ശേഷം നടന്ന അതിൻ്റെ പുനഃർനിർമാണം ലോകമെമ്പാടും പ്രശംസ പിടിച്ചുപറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.