ഐ.എസിനെതിരായ വ്യോമാക്രമണം കെണിയാകുമെന്ന് മുന്നറിയിപ്പ്

ലണ്ടന്‍: ഐ.എസിനെതിരെ സിറിയയില്‍ ബോംബാക്രമണം നടത്താനുള്ള തീരുമാനത്തിന് ബ്രിട്ടീഷ് പൊതുസഭ പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടുപിറകെ ഇത്തരം നീക്കം ബ്രിട്ടനെയും ഇതര യൂറോപ്യന്‍ രാജ്യങ്ങളെയും കുരുക്കാനുള്ള കെണിയായി കലാശിക്കുമെന്ന് മുന്നറിയിപ്പ്. ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകന്‍ നികളസ് ഹെനിന്‍ ‘സിറിയന്‍ കാമ്പയിന്’ നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിറിയയിലും ഇറാഖിലും യുദ്ധവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന നികളസിനെ നേരത്തേ ഐ.എസ് തടവുകാരനായി പിടിച്ചിരുന്നു. ഫ്രഞ്ച് അധികൃതര്‍ നടത്തിയ സംഭാഷണങ്ങളെ തുടര്‍ന്ന് ഈയിടെയാണ് അദ്ദേഹം മോചിതനായത്.

ഐ.എസിനെ ലക്ഷ്യമിട്ട് നടത്തുന്ന വ്യോമാക്രമണങ്ങള്‍ നിരവധി സിവിലിയന്‍ മരണങ്ങള്‍ക്ക് ഹേതുവാകും. ഇത് ഓരോ കുടുംബത്തില്‍നിന്നും പുതിയ ഐ.എസ് അംഗങ്ങള്‍ക്ക് ജന്മം നല്‍കാനാണ് നിമിത്തമാവുക. കൂടാതെ, കൂടുതല്‍ സാധാരണക്കാര്‍ അഭയാര്‍ഥികളായി മാറും -നികളസ് വിശദീകരിച്ചു. അഭയാര്‍ഥികളെ സ്വീകരിക്കാനാകാതെ യൂറോപ്പ് വീണ്ടും ഇതിന്‍െറ കവാടങ്ങള്‍ കൊട്ടിയടക്കാന്‍ നിര്‍ബന്ധിതരാകും.അതിനാല്‍ പ്രതിസന്ധി മൂര്‍ച്ഛിപ്പിക്കുന്ന കെണികളില്‍ ചെന്നുചാടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്താന്‍ അദ്ദേഹം യൂറോപ്യന്‍ രാജ്യങ്ങളോട് അഭ്യര്‍ഥിച്ചു.

വ്യോമാക്രമണത്തിന് പകരം സിറിയന്‍ മേഖലയില്‍ പറക്കല്‍ നിരോധിത മേഖല നടപ്പാക്കുന്നതാകും അഭിലഷണീയം. മേഖലയിലെ ഒറ്റ വിമാനവും പറക്കാന്‍ അനുവദിക്കാതിരുന്നാല്‍ ഐ.എസിനെ ഒറ്റപ്പെടുത്താന്‍ സാധിക്കും. ഐ.എസിന്‍െറ സ്വാധീനത്തിന് തടയിടാന്‍ സിറിയന്‍ ജനതയുമായി ഊര്‍ജിത സമ്പര്‍ക്കം ആവശ്യമാണെന്നും നികളസ് ഓര്‍മിപ്പിച്ചു. പ്രതിസന്ധിക്ക് രാഷ്ട്രീയ തീര്‍പ്പ് കണ്ടത്തൊനാകുമെന്ന ആത്മവിശ്വാസം ജനിപ്പിച്ചാല്‍ ഐ.എസ് സ്വയം വാടിക്കൊഴിഞ്ഞുപോകുമെന്നാണ് ഐ.എസിന്‍െറ പ്രവര്‍ത്തനങ്ങള്‍ ആധാരമാക്കി ‘ജിഹാദ് അക്കാദമി’ എന്ന പുസ്തകം പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്‍െറ വിലയിരുത്തല്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.