തുര്‍ക്കിയുമായി അനുരഞ്ജനത്തിനില്ലെന്ന് പുടിന്‍

മോസ്കോ: അതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് റഷ്യന്‍വിമാനം വെടിവെച്ചിട്ട തുറക്കിയുമായി അനുരഞ്ജനത്തിന് തയാറല്ളെന്ന് പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍. തുര്‍ക്കിയെ കടുത്തഭാഷയിലാണ് പുടിന്‍ വിമര്‍ശിച്ചത്.വിമാനം വെടിവെച്ചതിലൂടെ അമേരിക്കയുടെ മതിപ്പ് പിടിച്ചുപറ്റാനുള്ള അതതുര്‍ക്കുകളുടെ ശ്രമം നടപ്പായെന്നും അദ്ദേഹം ആരോപിച്ചു.

സംഭവത്തിനുശേഷം തുര്‍ക്കിക്കെതിരെ റഷ്യ ഉപരോധം  നടപ്പാക്കിയിരുന്നു. നിലവിലെ ഭരണകൂടവുമായി ഒരുതരത്തിലുള്ള സഹകരണത്തിനും തയാറല്ല. എന്താണ് അവര്‍ നേടിയത്. ഞങ്ങള്‍ സിറിയയില്‍നിന്ന് ഭയന്നോടുമെന്നാണോ അവര്‍ കരുതിയത്. അങ്ങനെ പേടിച്ചോടുന്നവരല്ല റഷ്യക്കാരെന്നും പുടിന്‍ തുറന്നടിച്ചു. മോസ്കോയിലെ ലോക വ്യാപാരസമുച്ചയത്തില്‍ വാര്‍ഷിക വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പുടിന്‍. മൂന്നു മണിക്കൂര്‍ നീണ്ട സമ്മേളനത്തില്‍ റഷ്യയില്‍നിന്നും മറ്റു രാജ്യങ്ങളില്‍നിന്നും 1400 മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തു.

കിഴക്കന്‍ യുക്രെയ്നില്‍ റഷ്യന്‍ സൈനിക സാന്നിധ്യം പുടിന്‍ സ്ഥിരീകരിച്ചു. ആദ്യമായാണ് കിഴക്കന്‍ യുക്രെയ്നിലെ റഷ്യന്‍ സൈനികസാന്നിധ്യത്തെ കുറിച്ച് പരസ്യ പ്രഖ്യാപനം നടത്തുന്നത്. രണ്ടു റഷ്യന്‍ സൈനികചാരന്മാരെ യുക്രെയ്ന്‍ സര്‍ക്കാര്‍ തടവിലാക്കിയ കാര്യം പത്രപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പെടുത്തിയപ്പോഴായിരുന്നു അത്. സൈനികസാന്നിധ്യമില്ളെന്ന് എവിടെയും പറഞ്ഞിട്ടില്ളെന്നും അവിടെ ചില സൈനികവിദഗ്ധരെ പ്രത്യേക ജോലികള്‍ക്കായി നിയോഗിച്ചിട്ടുണ്ടെന്നും പുടിന്‍ വെളിപ്പെടുത്തി.

കിഴക്കന്‍ യുക്രെയ്നില്‍ വിമതരെ സഹായിക്കാന്‍ സൈനികരെ അയച്ചുവെന്ന് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. എന്നാല്‍, ആരോപണം പുടിന്‍ തള്ളിക്കളഞ്ഞിരുന്നു. യുക്രെയ്നുമേല്‍ ഉപരോധത്തിനുള്ള സാധ്യതയുണ്ടോയെന്ന ചോദ്യം പുടിന്‍ തള്ളി. ബ്രസല്‍സുമായുള്ള യുക്രെയ്ന്‍െറ സ്വതന്ത്ര വ്യാപാരക്കരാറില്‍ പുടിന്‍ ആശങ്കപ്രകടിപ്പിച്ചു. ക്രിമിനല്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ പിടിയിലായ യുക്രെയ്ന്‍ പൈലറ്റിനെ മോചിപ്പിക്കാന്‍ കഴിയില്ല. വിമാനദുരന്തത്തെ തുടര്‍ന്ന് ഈജിപ്തുമായി റദ്ദാക്കിയ വ്യോമയാനബന്ധം പുനരാരംഭിക്കും.

രാഷ്ട്രീയ ഒത്തുതീര്‍പ്പുണ്ടാകുന്നവരെ സിറിയയില്‍ സൈനികനീക്കം തുടരും. സിറിയന്‍വിഷയത്തില്‍ യു.എന്‍ രക്ഷാകൗണ്‍സിലില്‍ യു.എസ് സമര്‍പ്പിക്കുന്ന പ്രമേയത്തെ പിന്തുണക്കുമെന്നും അദ്ദേഹം അറിയിച്ചു. സിറിയയില്‍ രാഷ്ട്രീയമാറ്റം വേണമോയെന്നകാര്യം തീരുമാനിക്കേണ്ടത് അവിടത്തെ ജനങ്ങളാണെന്ന വാദം പുടിന്‍ ആവര്‍ത്തിച്ചു. റഷ്യ വന്‍ സാമ്പത്തികത്തകര്‍ച്ച നേരിടുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. എണ്ണവില താഴ്ന്നതാണ് പ്രതിസന്ധിക്ക് ആക്കംകൂട്ടിയത്. അതോടെ നിര്‍മാണമേഖല പ്രതിസന്ധിയിലായി.

റഷ്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണായകമാണ് വാര്‍ഷിക വാര്‍ത്താസമ്മേളനം. പെട്രോളിയം വിലയെ ആശ്രയിച്ചാണ് പ്രധാനമായും റഷ്യയുടെ സാമ്പത്തിക നിലനില്‍പ്. ബാരലിന് 100 ഡോളര്‍ ഉണ്ടായിരുന്നത് 50 ആയി കുറഞ്ഞു. ജി.ഡി.പി നിരക്ക് കുറഞ്ഞു. പണപ്പെരുപ്പം വര്‍ധിച്ചു. വരുമാനനിരക്കും നിക്ഷേപവും ഗണ്യമായി കുറഞ്ഞു. അതോടെ, തകര്‍ച്ച പൂര്‍ണമായി. എന്നാല്‍, വളര്‍ച്ചനിരക്ക് ഗണ്യമായി വര്‍ധിക്കാന്‍ കഴിയുമെന്നാണ് പുടിന്‍െറ പ്രതീക്ഷ. അടുത്തവര്‍ഷം 0 .7 ശതമാനം വളര്‍ച്ച ലക്ഷ്യമിടുന്നു. 2018ഓടെ ഇത് 2.4 ശതമാനമായി വര്‍ധിപ്പിക്കാനാണ് ലക്ഷ്യം. വിദേശകടം കുറഞ്ഞു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.