ജി20: തീവ്രവാദത്തിനെതിരെ ആഗോള പോരാട്ടത്തിന് ആഹ്വാനം

അന്‍റാലിയ: പാരിസ് ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ തീവ്രവാദത്തിനെതിരെ ആഗോള പോരാട്ടത്തിന് ആഹ്വാനംചെയ്ത് ജി20 ഉച്ചകോടിക്ക് തുര്‍ക്കി നഗരമായ അന്‍റാലിയയില്‍ തുടക്കം. സിറിയയില്‍ മാസങ്ങളായി തുടരുന്ന സൈനിക ദൗത്യം ഊര്‍ജിതമാക്കി ഐ.എസിനെ തുടച്ചുനീക്കാന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ ലോക രാഷ്ട്രങ്ങളുടെ പിന്തുണ തേടി.

വളച്ചൊടിച്ച ആശയങ്ങളുടെ പേരില്‍ നിരപരാധികള്‍ക്കുമേല്‍ നടത്തിയ ആക്രമണം പാരിസിലെ ജനങ്ങള്‍ക്കെതിരെ മാത്രമല്ല, ലോകത്തെ മൊത്തത്തില്‍ ലക്ഷ്യമിട്ടാണെന്നും ഐ.എസിനെ ഉന്മൂലനം ചെയ്യാനുള്ള നടപടി ഇരട്ടിവേഗത്തിലാക്കുമെന്നും ഒബാമ പറഞ്ഞു. തുര്‍ക്കിയില്‍ ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജി20 ഉച്ചകോടിക്കത്തെിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം, എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള വികസനം എന്നിവ മുഖ്യ അജണ്ടയായിരുന്ന ഉച്ചകോടി ആരംഭിക്കുന്നതിന് രണ്ടു ദിവസം മുമ്പ് നടന്ന പാരിസ് ഭീകരാക്രമണമാണ് തീവ്രവാദത്തെ മുഖ്യവിഷയമാക്കിയത്.

തീവ്രവാദവിരുദ്ധ നീക്കം ഏകോപിപ്പിക്കാന്‍ വിവരകൈമാറ്റത്തിനും മെച്ചപ്പെട്ട സഹകരണത്തിനും ആഹ്വാനംചെയ്യുന്ന പ്രമേയം തിങ്കളാഴ്ച സമാപിക്കുന്ന ഉച്ചകോടി അംഗീകരിച്ചേക്കും. തീവ്രവാദ ഭീഷണി നേരിടാന്‍ യു.എന്‍ ചട്ടങ്ങളനുസരിച്ചുള്ള ഏതു നീക്കത്തിനും തയാറാണെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ ഉറപ്പുനല്‍കി. പോരാട്ടത്തില്‍ രാജ്യാന്തര സമൂഹത്തിനൊപ്പമുണ്ടാകുമെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങും പറഞ്ഞു.

ആഗോള സമ്പത്തിന്‍െറ 80 ശതമാനവും മൊത്തം ജനസംഖ്യയുടെ മൂന്നില്‍ രണ്ടും സ്വന്തമായുള്ള മുന്‍നിര രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി20. ആഗോള സമ്പദ്വ്യവസ്ഥയിലെ പ്രശ്നങ്ങള്‍, നിക്ഷേപം, വ്യാപാരം, ഊര്‍ജം, അഭയാര്‍ഥി പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളും ഇത്തവണ ഉച്ചകോടിയില്‍ വിഷയമാകും. ചൈന ഏറെക്കാലമായി ഉന്നയിക്കുന്ന ഐ.എം.എഫിലെ ക്വോട്ട പരിഷ്കരണം വീണ്ടും ഉന്നയിക്കപ്പെടുമെങ്കിലും അന്തിമ തീരുമാനമുണ്ടാകാനുള്ള സാധ്യത വിരളമാണ്. കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഏഴിന അജണ്ട മുന്നോട്ടുവെച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.