ബ്രസല്‍സ്: നഗരവും ഗ്രാമവും അരിച്ചുപെറുക്കി ബെല്‍ജിയത്തില്‍ വന്‍ തീവ്രവാദി വേട്ട. തലസ്ഥാന നഗരത്തിലും പരിസരങ്ങളിലുമായി 27 റെയ്ഡുകളില്‍ 16 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ യൂനിവേഴ്സിറ്റികള്‍, സ്കൂളുകള്‍ എന്നിവക്ക് അവധി പ്രഖ്യാപിച്ചു. മെട്രോ ട്രെയിന്‍ സര്‍വിസ് നിര്‍ത്തിവെച്ചു. 10 ദിവസം മുമ്പ് നടന്ന പാരിസ് ഭീകരാക്രമണത്തിലെ പങ്കാളിയെന്നു കരുതുന്ന അബ്ദുസ്സലാമിനായുള്ള തിരച്ചിലിന്‍െറ ഭാഗമായാണ് ദിവസങ്ങളായി ബെല്‍ജിയത്തില്‍ പരിശോധന തുടരുന്നത്. ഞായറാഴ്ച രാത്രിയോടെ 16 പേരെയും തിങ്കളാഴ്ച അഞ്ചു പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. 26,000 യൂറോയും പിടിച്ചെടുത്തിട്ടുണ്ട്. പരിശോധനക്കിടെ നിര്‍ത്താതെപോയ കാറിനുനേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ഇയാള്‍ക്ക് ആക്രമണവുമായി ബന്ധമില്ളെന്ന് പൊലീസ് അറിയിച്ചു. പാരിസിന് സമാനമായി ബെല്‍ജിയത്തിലും തീവ്രവാദി ആക്രമണം പ്രതീക്ഷിക്കുന്നതായി ഫ്രഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. പൊലീസിനു പുറമെ സൈനികരും തിരച്ചിലില്‍ പങ്കാളികളാകുന്നുണ്ട്.
പാരിസ് ആക്രമണത്തില്‍ 130 പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രതികളെന്നു സംശയിക്കുന്ന ഒമ്പതു പേരില്‍ ഒരാളൊഴികെ എല്ലാവരും കൊല്ലപ്പെട്ടതായി ഫ്രഞ്ച് മാധ്യമങ്ങള്‍ പറയുന്നു.
അതേസമയം, ഐ.എസിനെ ഇല്ലാതാക്കാനുള്ള നീക്കത്തിന് പിന്തുണ തേടി ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡ് മുന്‍നിര രാഷ്ട്രനേതാക്കളുമായി ചര്‍ച്ചകള്‍ക്ക് തുടക്കമായി. സിറിയയില്‍ ഐ.എസിനെതിരെ ഫ്രാന്‍സ് നടത്തുന്ന സൈനിക നീക്കത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. സൈപ്രസിലെ ബ്രിട്ടീഷ് വ്യോമസേനയുടെ അക്രോടിരി താവളത്തില്‍ ഫ്രഞ്ച് പോര്‍വിമാനങ്ങള്‍ക്ക് ഇടംനല്‍കാനും ഇരുവരും തമ്മില്‍ ധാരണയായി. ആക്രമണം കനപ്പിക്കുന്നതിന്‍െറ ഭാഗമായി ചാള്‍സ് ഡി ഗോല്‍ വിമാനവാഹിനി കപ്പല്‍ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
ആഗോള സമൂഹത്തിന്‍െറ പിന്തുണ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ, ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍, റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ എന്നിവരെയും വരുംദിവസങ്ങളില്‍ ഓലന്‍ഡ് കാണുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.