അഭയാര്‍ഥികളെ ‘കൊന്നൊടുക്കി’ യൂറോപ്പ്

ലണ്ടന്‍: പശ്ചിമേഷ്യയില്‍നിന്നും ആഫ്രിക്കയില്‍നിന്നും പലായനം ചെയ്ത അഭയാര്‍ഥികളെ യൂറോപ്യന്‍ ഭരണകൂടം ‘കൊന്നൊടുക്കി’യതിന്‍െറ രേഖകള്‍ പുറത്ത്. യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം കുറക്കുന്നതിനായി വിവിധ ഭരണകൂടങ്ങള്‍ നടത്തിയ മനുഷ്യത്വരഹിതമായ നടപടികളുടെ തെളിവുകള്‍ ലണ്ടന്‍ സര്‍വകലാശാല പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മെഡിറ്ററേനിയന്‍ കടലില്‍ കുടുങ്ങിയ അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയിരുന്ന ഇറ്റലിയുള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍, അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കാന്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചതടക്കമുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. അപകടങ്ങള്‍ കണ്ടില്ളെന്നു നടിച്ച് അഭയാര്‍ഥികളെ യൂറോപ്പ് ബോധപൂര്‍വം മരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് തയാറാക്കിയ സംഘത്തിലെ  ഡോ. ചാള്‍സ് ഹെല്ലര്‍ കുറ്റപ്പെടുത്തി. അഭയാര്‍ഥികളെ തിരിച്ചയക്കുന്നതു സംബന്ധിച്ച് അടുത്തിടെ യൂറോപ്യന്‍ യൂനിയനും തുര്‍ക്കിയും തമ്മിലുണ്ടാക്കിയ കരാര്‍ വിവാദമായതിനു തൊട്ടുപിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.
സിറിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമായ 2014ന്‍െറ തുടക്കത്തില്‍ മെഡിറ്ററേനിയനില്‍ ഇറ്റാലിയന്‍ തീരദേശ സേനയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നു. ഇതുവഴി പതിനായിരങ്ങളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു.
എന്നാല്‍, 2014 ഒക്ടോബറിനുശേഷം, ഇറ്റലി രക്ഷാപ്രവര്‍ത്തനം പേരിനുമാത്രമാക്കി. 2014ലെ ആദ്യ നാല് മാസങ്ങളില്‍ മെഡിറ്ററേനിയന്‍ കടലില്‍ 60 അഭയാര്‍ഥികള്‍ മരിച്ചപ്പോള്‍ 2015 ജനുവരി-ഏപ്രില്‍ കാലത്ത് മരണം 2000ത്തോളമായി.  മരണനിരക്കില്‍ 30 മടങ്ങ് വര്‍ധനയാണുണ്ടായത്. ഗ്രീസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ഈ നിലപാട് തന്നെയാണ് പിന്തുടര്‍ന്നത്.
അഭയാര്‍ഥി നിയന്ത്രണത്തിന് ബ്രിട്ടന്‍ മറ്റൊരു പാതയാണ് സ്വീകരിച്ചത്. ബാല്യകാലത്ത് അഭയാര്‍ഥിയായി രാജ്യത്തത്തെിയവര്‍ക്ക് 18 തികഞ്ഞാല്‍ അവരെ മാതൃരാജ്യത്തേക്കുതന്നെ തിരിച്ചയക്കുക എന്നതാണ് ബ്രിട്ടന്‍െറ പോളിസി. 2014ല്‍ ഇത്തരത്തില്‍ 151 കൗമാരക്കാരെയാണ് ബ്രിട്ടന്‍ വിവിധ യുദ്ധബാധിത മേഖലകളിലേക്ക് തിരിച്ചയച്ചതെന്ന് ദ ഇന്‍ഡിപെന്‍ഡന്‍റ് റിപ്പോര്‍ട്ട് ചെയ്തു. 2015ല്‍ ഇത് 445 ആയി. ഇതില്‍ നൂറിലധികം പേര്‍ അഫ്ഗാനികളാണ്. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ബ്രിട്ടനില്‍നിന്ന് 5000ത്തിലധികം പേര്‍ ഇങ്ങനെ നാടുകടത്തപ്പെട്ടുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നാടുകടത്തപ്പെട്ട ഈ കൗമാരക്കാര്‍ക്ക് ‘സ്വന്തം’ രാജ്യത്തെക്കുറിച്ച് കൃത്യമായ ധാരണയില്ല. പലരും മരണത്തിന് കീഴടങ്ങുകയാണ് ചെയ്യുക.
യൂറോപ്പിന്‍െറ ഈ നടപടി കൂടുതല്‍ അഭയാര്‍ഥികളെ മരണത്തിലേക്ക് തള്ളിവിടുമെന്ന് യു.എന്‍ അഭയാര്‍ഥി ഏജന്‍സി വക്താവ് ഫ്രാങ്സ്വ ക്രെപോ പ്രതികരിച്ചു. ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകളും വിമര്‍ശവുമായി രംഗത്തത്തെി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.