നവാല്‍ സൗഫി; അഭയാര്‍ഥികളുടെ ഇടയിലെ മാലാഖ

ലെസ്ബോസ്: ജനുവരി അഞ്ചിന്‍റെ പുലരിയില്‍ 28കാരിയായ നവാല്‍ സോഫിക്ക് തന്‍്റെ മൊബൈല്‍ ഫോണില്‍ ഒരു മെസേജ് കിട്ടി. ‘ഞങ്ങളെ സഹായിക്കൂ...ഞങ്ങള്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്’.  ഉടന്‍തന്നെ അവര്‍ ആ മെസേജ് ഇറ്റാലിയന്‍,ഗ്രീക്ക്, ടര്‍ക്കിഷ് കോസ്റ്റ്ഗാര്‍ഡുകള്‍ക്ക് അയച്ചുകൊടുത്തു. 32വയസ്സുള്ള സിറിയന്‍ അഭയാര്‍ത്ഥിയായ അയ്മന്‍ എന്നയാള്‍ അയച്ചതായിരുന്നു ആ സന്ദേശം. തുര്‍ക്കിയുടെ ദക്ഷിണ പടിഞ്ഞാറന്‍ തീരമായ ദിതിമില്‍ നിന്നും ചെറുബോട്ടില്‍ പുറപ്പെട്ട സംഘത്തിലെ ഒരാള്‍. ഗ്രീക്ക് ദ്വീപായ ഫാര്‍മാകോന്‍സിയായിരുന്നു അവരുടെ ലക്ഷ്യം. 20 കിലോമീറ്റര്‍ ഇനിയും സഞ്ചരിക്കാനുണ്ട്. 34 പേരുള്ള യാത്രാ സംഘത്തില്‍ ഭൂരിഭാഗവും സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും ഉള്ളവര്‍ ആയിരുന്നു. ആ ദിവസം രാത്രി അവര്‍ തുര്‍ക്കിയുടെ ഈജിയന്‍ തീരത്ത് മുങ്ങിത്താഴ്ന്നു. അതിനിടയില്‍ എപ്പൊഴോ അയച്ചതായിരുന്നു ആ സന്ദേശം.

ഇത്തരം നൂറു കണക്കിന് സഹായാഭ്യര്‍ത്ഥനാ മെസേജുകളും കോളുകളും ആണ് ഇറ്റാലിയന്‍-മൊറോക്കന്‍ യുവതിയായ നവാല്‍ സൗഫിയെ തേടിയത്തെുന്നത്. അവര്‍ ഇന്ന് അറിയപ്പെടുന്നത് ‘മാമാ നവാല്‍‘ എന്ന പേരിലാണ്. അഥവാ ‘ലേഡി സോസ്’.  2012 ല്‍ ആണ് സിറിയന്‍ നഗരമായ ആലപ്പോ നഗത്തിലെ വീടുകളിലേക്ക് സഹായവുമായി നവാല്‍ എത്തുന്നത്. യുദ്ധമുഖത്തുനിന്ന് രക്ഷപ്പെട്ടോടുന്ന പല അഭയാര്‍ത്ഥികളും ഇവരിലൂടെ ജീവിതത്തിലേക്ക് മടങ്ങിയവരാണ്. സഹായമഭ്യര്‍ത്ഥിച്ച് എപ്പോള്‍ വേണമെങ്കിലും എസ്.എം.എസ് അയക്കാവുന്ന ഒരു നമ്പര്‍ ആയി അവര്‍ മാറി.  ഈ നമ്പര്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ജീവിതത്തിന്‍്റെ ഏറ്റവും നിരാശാഭരിതമായ നിമിഷങ്ങളില്‍ നിരവധിപേര്‍ക്ക് അവര്‍ രക്ഷകയായി. എപ്പോഴും ആ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചുകൊണ്ടിരുന്നു. രാവും പകലുമെന്നില്ലാതെ. അതില്‍ മിക്കവയും കടലിന്‍്റെ നടുവില്‍ നിന്നുള്ളതായിരുന്നു. 

ഇറ്റലിയിലെ സിസിലി ആയിരുന്നു നവാലിന്‍റെ ആദ്യകാല പ്രവര്‍ത്തന മേഖല. അവിടെ ഇറ്റാലിയന്‍ കോസ്റ്റ്ഗാര്‍ഡിന് അഭയാര്‍ത്ഥികളുടെ ഭാഷ പരിഭാഷപ്പെടുത്തലും അവരെ സഹായിക്കലുമായിരുന്നു അവര്‍ ചെയ്തത്. 2015 ഒക്ടോബറോടെ ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ ദിനംതോറും ഗ്രീക്ക് ദ്വീപിലേക്കൊഴുകി. ഇതോടെ നവാല്‍ ലെസ്ബോസ്,ക്വിയോസ്,ഗ്രീക്ക് ദ്വീപുകളിലേക്ക് തന്‍റെ ദൗത്യം പറിച്ചു നട്ടു. അതിനുശേഷം തന്‍്റെ കണ്ണുകൊണ്ട് എണ്ണമറ്റ ദുരന്തങ്ങള്‍ അവര്‍ കണ്ടു. എന്നാല്‍, അവിടെ കാഴ്ചക്കാരിയായി നിന്നില്ല നവാല്‍. സഹായവുമായി ഓടിനടന്നു. 

എപ്പോഴെല്ലാം കടലില്‍ നിന്ന് സഹായം തേടിയുള്ള സന്ദേശങ്ങളും വിളികളും ഫോണില്‍ എത്തുമോ ഉടന്‍ തന്നെ ആ വിവരം കോസ്റ്റ്ഗാര്‍ഡിന് കൈമാറും. അഭയാര്‍ത്ഥികള്‍ കൂട്ടമായി എത്തുന്നിടത്തേക്ക് ഓടിച്ചെല്ലും. ഭക്ഷണവും വെള്ളവും വസ്ത്രങ്ങളും എവിടെ കിട്ടും, കുഞ്ഞുങ്ങള്‍ക്കുള്ള നാപ്കിനുകള്‍ എങ്ങനെ സംഘടിപ്പിക്കാം? എന്നിങ്ങനെ അത്യാവശ്യം വേണ്ട വിവരങ്ങള്‍ എല്ലാം അവര്‍ക്ക് കൈമാറും. 
ഹൃദയം നുറുക്കുന്ന നൂറുകണക്കിന് രംഗങ്ങളിലൂടെയാണ് ദിവസവും അവര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അതിലൊന്നായിരുന്നു കടല്‍തീരത്ത് മരിച്ചു കിടക്കുന്ന കുട്ടിയുടെ അടിവസ്ത്രത്തിന്‍്റെ നിറം നോക്കി അമ്മ ആ കുഞ്ഞിനെ തിരിച്ചറിഞ്ഞ നിമിഷം. ഈ ഓര്‍മ വിവരിക്കുമ്പോള്‍ അവരുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. ജനുവരി 15ന് സാമോസ് ദ്വീപില്‍ മരിച്ചു കിടന്നവരുടെ ഇടയിലേക്ക് തിരിച്ചറിയാനായി ഗ്രീക്ക് കോസ്റ്റ്ഗാര്‍ഡ് അവരെ വിളിച്ചതും ഇതിലൊന്ന്. മരിച്ചു കിടക്കുന്ന ഓരോരുത്തരെ കുറിച്ചും അവരുടെ കുടുംബത്തിന് വിവരിച്ചുകൊടുത്തത് ഒരിക്കലും മറക്കാനാവാത്ത അനുഭവം ആയി മനസ്സില്‍ പതിഞ്ഞു കിടക്കുന്നുവെന്ന് നവാല്‍ പറയുന്നു. ഇവര്‍ മാലാഖയാണ്. അഭയാര്‍ത്ഥികളുടെ ഇടയില്‍ ജീവിതവുമായി എത്തുന്ന മാമാ നവാല്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.