ഉറക്കം പാളിയാല്‍ ഹൃദയം പണിമുടക്കും

വാഷിങ്ടണ്‍: ഉറക്കമില്ലായ്മയും ഉറക്കത്തിലെ ക്രമമില്ലായ്മയും ഹൃദ്രോഗത്തിന് കാരണമാകുമെന്ന് പഠനം. രാത്രിജോലിക്കാര്‍ക്കും സ്ഥിരമായി ഉറക്കമൊഴിക്കുന്നവര്‍ക്കും ഹൃദ്രോഗസാധ്യത കൂടുമെന്ന്  യു.എസിലെ നോര്‍ത് വെസ്റ്റേണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. 20നും 39നുമിടയില്‍ പ്രായമുള്ള 26 യുവാക്കളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്.

ഉറക്കമില്ലായ്മ ഹൃദയത്തകരാറുകള്‍ക്ക് കാരണമാകുന്നത് എന്തുകൊണ്ടാണെന്ന് തിരിച്ചറിയാനായിട്ടില്ളെന്നും ഗവേഷകര്‍ പറഞ്ഞു. ശരീരത്തിന്‍െറ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ജൈവഘടികാരത്തിന് അനുസൃതമായും അല്ലാതെയും എട്ടുദിവസം അഞ്ചുമണിക്കൂര്‍ വീതം ഉറങ്ങാനായിരുന്നു യുവാക്കള്‍ക്ക് നല്‍കിയ നിര്‍ദേശം. ജൈവഘടികാരത്തിന് വിരുദ്ധമായി ഉറങ്ങിയവരില്‍ ഹൃദയമിടിപ്പില്‍ വ്യതിയാനമുണ്ടായി. ഉറക്കക്കുറവുള്ളവരിലും സമയംതെറ്റി ഉറങ്ങുന്നവരിലും ഉറക്കം ഗാഢമാവുന്ന ഘട്ടങ്ങളില്‍ ഹൃദയനാഡികളുടെ പ്രവര്‍ത്തനം കുറയുന്നുണ്ട്.

ഹൃദയത്തിന്‍െറ പ്രവര്‍ത്തനങ്ങളെ സജീവമാക്കുന്നതില്‍ ഉറക്കത്തിന്‍െറ ഗാഢമായ ഘട്ടം നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. ജൈവഘടികാരത്തിന് വിരുദ്ധമായ ചര്യകള്‍ ഹൃദയത്തിന്‍െറ പ്രവര്‍ത്തനങ്ങളെ തകിടംമറിക്കുമെന്ന് ഗവേഷകരില്‍ ഒരാളായ ഡാനിയേല ഗ്രിമാള്‍ഡി പറഞ്ഞു. ഹൈപര്‍ ടെന്‍ഷന്‍ എന്ന ജേണലില്‍ ഗവേഷണഫലങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.