ലണ്ടന്‍: ഡേവിഡ് കാമറണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിക്കുമ്പോള്‍ അത്യന്തം വികാരഭരിതനായിരുന്നു. വലിഞ്ഞുമുറുകിയ മുഖം ടോറി പാര്‍ട്ടിയുടെ ചരിത്രപരമായ മണ്ടത്തരത്തെയല്ല, ഒരു യൂറോപ്യന്‍ ദുരന്തത്തെയാണ് ഓര്‍മിപ്പിച്ചത്. ‘ഈ യുദ്ധം ഞാന്‍ ബുദ്ധികൊണ്ടും ഹൃദയംകൊണ്ടുമാണ് നേരിട്ടത്. അതുകൊണ്ടുതന്നെ പ്രധാനമന്ത്രിയെന്ന നിലക്ക് അഭിമാനവുമുണ്ട്’ -ഡൗണിങ് സ്ട്രീറ്റില്‍ രാജി പ്രഖ്യാപിച്ച് അദ്ദേഹം പറഞ്ഞു. രാജ്യം മറ്റൊരു വഴി തെരഞ്ഞെടുക്കണമെന്ന ബ്രിട്ടീഷ് ജനതയുടെ തീരുമാനമാണ് പ്രതിഫലിച്ചതെന്നും അത് തന്നെക്കുറിച്ച വിധിയെഴുത്തല്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാമറണിന്‍െറ പ്രഖ്യാപനത്തോടെ, കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലും പുറത്തും ആരാകും അടുത്ത പ്രധാനമന്ത്രി എന്ന ചര്‍ച്ച ചൂടുപിടിച്ചിരിക്കുകയാണ്. ബ്രെക്സിറ്റ് പ്രചാരണത്തില്‍ അതിതീവ്രമായി മുന്നില്‍നിന്നയാളെന്ന നിലക്കാണ് ബോറിസ് ജോണ്‍സന്‍െറ പേര് ഉയര്‍ന്നുവരുന്നത്. നേതൃസ്ഥാനത്തിനായുള്ള മത്സരത്തില്‍ മുന്‍ ലണ്ടന്‍ മേയര്‍ കൂടിയായ ജോണ്‍സണ്‍, പാര്‍ട്ടിയിലെ പ്രതിയോഗികളെ പിന്തള്ളുമെന്നാണ് ഇപ്പോഴത്തെ സൂചന. ബ്രെക്സിറ്റിന് അനുകൂലമായിരുന്ന 130 പാര്‍ട്ടി എം.പിമാരുടെ പിന്തുണ ജോണ്‍സണ്‍ ഉറപ്പാക്കിയിട്ടുണ്ട്.
രാഷ്ട്രീയ വാതുവെപ്പുകാര്‍ക്കിടയിലും ഏറ്റവും ഭൂരിപക്ഷം നേടിയ ‘അടുത്ത പ്രധാനമന്ത്രി’ ബോറിസ് ജോണ്‍സണാണ്. ഹിതപരിശോധന പ്രചാരണത്തെ ബോറിസ് ജോണ്‍സണ്‍ നേതൃത്വത്തിലേക്കുള്ള തന്‍െറ ചവിട്ടുപടിയായാണ് ഉപയോഗപ്പെടുത്തിയത്. പാര്‍ട്ടിക്കകത്തും ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവര്‍ക്കുമിടയിലും ഈ കാലത്ത് അദ്ദേഹത്തിന് പിന്തുണയേറുകയും ചെയ്തു.ജസ്റ്റിസ് സെക്രട്ടറി മിഷേല്‍ ഗോവ്, ആഭ്യന്തര സെക്രട്ടറി തെരേസ മായ്, ജോര്‍ജ് ഒസ്ബോണ്‍ എന്നിവരും കാമറണിന്‍െറ പിന്‍ഗാമികളുടെ ലിസ്റ്റിലുണ്ട്. തെരേസ മായ് ആണ് ഇ.യുവില്‍ തുടരണമെന്ന് വാദിക്കുന്ന വിഭാഗത്തിന്‍െറ പിന്തുണയുള്ള നേതാവ്. മിഷേല്‍ ഗോവ് ആണ് പിന്തുണയില്‍ മൂന്നാം സ്ഥാനത്ത്.
പ്രധാനമന്ത്രിസ്ഥാനത്തുനിന്നുമാത്രമല്ല, പാര്‍ട്ടി നേതൃത്വത്തില്‍നിന്നും താന്‍ ഒഴിയുകയാണെന്ന് കാമറണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സമയപരിധിയെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ളെങ്കിലും ഒക്ടോബറില്‍ പുതിയ നേതൃത്വം അനിവാര്യമാകും. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍ പുതിയ നേതാവിനെ തെരഞ്ഞെടുക്കല്‍ സങ്കീര്‍ണപ്രക്രിയയാണ്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരുന്നതിനെതിരെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ തീവ്രനിലപാടുകാരനായ ബോറിസ് ജോണ്‍സണാണ് ശബ്ദമുയര്‍ത്തിയത്. ഈ നീക്കം തന്‍െറ നേതൃത്വത്തിനുതന്നെ ഭീഷണിയാകുമെന്നുകണ്ടാണ് കാമറണ്‍ ഹിതപരിശോധന പ്രഖ്യാപിച്ചത്. അത് ഫലത്തില്‍ ബോറിസ് ജോണ്‍സന്‍െറ കൂടി തിരിച്ചുവരവിന് കളമൊരുക്കിയിരിക്കുകയാണ്. സ്വന്തം പാര്‍ട്ടിയെ തന്നെ രണ്ടായി വിഭജിച്ചതിന് കാമറണ്‍ രാഷ്ട്രീയമായി കൂടി മറുപടി പറയേണ്ടിവരുമെന്ന് അദ്ദേഹത്തിന്‍െറ വിമര്‍ശകര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.