റഷ്യ സിറിയയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നു

മോസ്കോ: സിറിയയിലെ റഷ്യൻ സൈന്യത്തോട് ദൗത്യത്തിൽ നിന്ന് പിൻവാങ്ങാൻ ഉത്തരവിട്ട് പ്രസിഡൻറ് വ്ലാഡ്മിർ പുടിൻ. ചൊവ്വാഴ്ച അർധരാത്രി മുതൽ പിൻമാറ്റം ആരംഭിക്കാനാണ് റഷ്യൻ പ്രസിഡൻറിൻെറ ഉത്തരവ്. റഷ്യ സിറിയയിൽ നടത്തിയ ഇടപെടൽ അതിൻെറ ലക്ഷ്യം പൂർത്തീകരിച്ചെന്ന് പുടിൻ പറഞ്ഞു. സൈന്യം പിൻമാറുന്ന കാര്യം സിറിയൻ പ്രസിഡൻറ് ബശ്ശാർ അൽ അസദുമായി പുടിൻ സംസാരിച്ചു. അതേസമയം, മെയ്മിം വ്യോമതാവളവും മെഡിറ്ററേനിയൻ തുറമുഖവും ഒഴിയില്ലെന്ന് റഷ്യ അറിയിച്ചു.

സിറിയയിൽ റഷ്യൻ പ്രതിരോധ മന്ത്രാലയം നടത്തിയ ഇടപെടൽ ഫലം കണ്ടിരിക്കുന്നു. അതിനാൽ ചൊവ്വാഴ്ച മുതൽ സിറിയയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ പ്രതിരോധ മന്ത്രാലയത്തിന് നിർദേശം നൽകുന്നു -പുടിൻ അറിയിച്ചു. ക്രംലിനിൽ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതരുമായുള്ള ചർച്ചക്ക് ശേഷമാണ് പുടിൻ തീരുമാനം പ്രഖ്യാപിച്ചത്. ജനീവയിൽ യു.എന്നിൻെറ മധ്യസ്ഥതയിൽ നടക്കുന്ന ഏറ്റവും പുതിയ സമാധാന ചർച്ചകൾക്കിടെയാണ് റഷ്യൻ സൈന്യത്തിൻെറ പിൻമാറ്റം.

മാർച്ച് മാസത്തിൽ സിറിയൻ ആഭ്യന്തര യുദ്ധം അഞ്ചാണ്ട് പിന്നിടുകയാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് റഷ്യ സിറിയയിൽ സൈനിക ഇടപെടൽ ആരംഭിച്ചത്. സിറിയൻ സർക്കാറിനെ വിമതരിൽ നിന്ന് മോചിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമായി റഷ്യ പറഞ്ഞത്.

അതേസമയം, സിറിയയിൽ നടത്തിയ സൈനിക നീക്കത്തിനുണ്ടാകുന്ന വൻ സാമ്പത്തിക ചിലവാണ് റഷ്യയുടെ പിൻമാറ്റത്തിന് കാരണമെന്നാണ് നിരീക്ഷകർ പറയുന്നത്. ഇതിന് പുറമെ അന്താരാഷ്ട്ര തലത്തിൽ റഷ്യക്കുണ്ടായ ഒറ്റപ്പെടലും പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധവും പിൻമാറ്റത്തിൻെറ കാരണങ്ങളായി പറയപ്പെടുന്നു. സിറിയയിലെ ഇടപെടൽ യു.എസുമായുള്ള റഷ്യയുടെ ബന്ധം വഷളാക്കിയിരുന്നു.

റഷ്യൻ സാന്നിദ്ധ്യത്തിന് ശേഷം 10000 ചതുരശ്ര കിലോമീറ്റർ സ്ഥലം വിമതരിൽ നിന്ന് പിടിച്ചെടുക്കാൻ സാധിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയ്ഗു പറഞ്ഞു.

അഞ്ച് വർഷം നീണ്ട സിറിയയിലെ ആഭ്യന്തര കലാപത്തിൽ രണ്ടര ലക്ഷത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. റഷ്യ നടത്തിയ ഇടപെടലിൽ 4408 പേർ കൊല്ലപ്പെട്ടു. ഇതിൽ 1733 പേർ സിവിലിയൻമാരാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.