ബ്രസൽസിൽ സ്ഫോടന പരമ്പര; 36 മരണം, ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു

ബ്രസൽസ്: ബെൽജിയത്തിന്‍റെ തലസ്ഥാനമായ ബ്രസൽസിൽ നടന്ന സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. ഐഎസുമായി ബന്ധമുള്ള അമാഖ് ഏജൻസിയാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രസ്താവനയിറക്കിയത്. വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനിലുമുണ്ടായ സ്ഫോടന പരമ്പരയിൽ 36 പേർ മരിക്കുകയും  200 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഭീകരരെന്നു സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ
 

അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിമാനത്താവളത്തിൽ അടിയന്തരാവാസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വിമാനത്താവളത്തിലേക്കുള്ള റെയിൽ സർവീസും താൽകാലികമായി നിർത്തിവെച്ചു. രാജ്യത്ത് മൂന്നു ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യം ഭയന്നതു സംഭവിച്ചെന്നും നിരവധി പേര്‍ കുരുതിക്കിരയായെന്നും ബെല്‍ജിയം പ്രധാനമന്ത്രി ചാള്‍സ് മൈക്കല്‍ പറഞ്ഞു.

 

പ്രാദേശിക സമയം രാവിലെ എട്ട് മണിക്കാണ് ബ്രസൽസിലെ സാവെന്‍റം വിമാനത്താവളത്തിലെ ടെർമിനലിൽ ഇരട്ട സ്ഫോടനങ്ങൾ നടന്നത്. തുടർന്ന് ഒരു മണിക്കൂറിനുള്ളിൽ സെൻട്രൽ ബ്രസൽസിലെ മാൽബീക്ക് മെട്രോ സ്റ്റേഷനിൽ സ്ഫോടനമുണ്ടായി. യൂറോപ്യൻ യൂണിയൻ ആസ്ഥാനത്തിന് 500 മീറ്റർ അടുത്തായിരുന്നു ഇത്. മെട്രോ സ്റ്റേഷനിലെ സ്ഫോടനത്തിൽ 10 പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

അമേരിക്കൻ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരുടെ രേഖകൾ പരിശോധിക്കുന്നതിനിടെയായിരുന്നു സംഭവം. ഇവിടെ ഉണ്ടായിരുന്ന യാത്രക്കാരാണ് മരണപ്പെട്ടത്. നിരവധി യാത്രക്കാർ ടെർമിനലിന് പുറത്തേക്ക് ഒാടി രക്ഷപ്പെടുകയും ചെയ്തു. സ്ഫോടനത്തിന് ശേഷമുള്ള പുക കാരണം ടെർമിനിലിലെ രക്ഷാപ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. ടെർമിനലിന്‍റെ മേൽക്കൂരയും തകർന്നിട്ടുണ്ട്.
 


രാവിലെ പതിനായിരത്തോളം വരുന്ന യാത്രക്കാർ വിമാനത്തിനായി കാത്തിരിക്കുമ്പോഴായിരുന്നു സ്ഫോടനം. പരിഭ്രാന്തരായ യാത്രക്കാരെ എമർജൻസി വാതിൽ വഴി പുറത്തെത്തിച്ചു. തുടർന്ന് ക്രൈസിസ് സെന്‍ററിലേക്ക് മാറ്റി. സ്ഫോടന സമയം വിമാനത്താവളത്തിലുണ്ടായിരുന്ന ജെറ്റ് എയര്‍വേസ് വിമാനത്തിലെ ഒരു വനിതയുള്‍പ്പെടെ ഇന്ത്യക്കാരായ രണ്ടു ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുംബൈ സ്വദേശികളായ നിധി ചപേകര്‍, അമിത് മോട്വാനി എന്നിവരാണ് അപകടത്തില്‍പെട്ടത്. ചപേകറിന് ഒന്നിലേറെയിടങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്. മോട്വാനിക്ക് കണ്ണിനാണ് പരിക്ക്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് ജെറ്റ് എയര്‍വേസ് അറിയിച്ചു.

 


വിമാനത്താവളത്തിലേത് ഭീകരാക്രമണമാണെന്ന് ബെൽജിയം അധികൃതർ സ്ഥിരീകരിച്ചു. എന്നാൽ, സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല. അതേസമയം, 130 പേരുടെ മരണത്തിനിടയാക്കിയ പാരിസ് ഭീകരാക്രമണത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി സലാഹ് അബ്ദുസ്സലാമിനെ കഴിഞ്ഞ ദിവസം ബ്രസല്‍സില്‍ നിന്ന് പിടികൂടിയിരുന്നു. ഇതിലുള്ള പ്രതികാരമാകാം ഇന്നത്തെ സ്ഫോടനമെന്നും റിപ്പോർട്ടുണ്ട്. നവംബര്‍ 13ന് പാരിസിലെ നാഷനല്‍ സ്റ്റേഡിയത്തിലും കഫേകളിലും ആക്രമണം നടന്നത്.


സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സ്ഫോടനത്തിൽ ഇന്ത്യക്കാർക്ക് അപകടം സംഭവിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.