ബ്രസല്‍സ് ആക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്‍ എന്നു കരുതുന്നയാള്‍ അറസ്റ്റില്‍

ബ്രസല്‍സ്: ബ്രസല്‍സ് വിമാനത്താവളത്തിലെ ആക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനെന്നു കരുതുന്നയാളെ അറസ്റ്റ് ചെയ്തതായി റിപോര്‍ട്ട്. നജിം ലാക്ര്യൂ എന്നയാളാണ് ആന്‍ഡ്രേലക്റ്റ് ജില്ലയില്‍ അറസ്റ്റില്‍ ആയതെന്ന് ബെല്‍ജിയന്‍ പത്രമായ ഡി.എച്ച് പുറത്തുവിട്ടു. ബ്രസല്‍സ് വിമാനത്താവളത്തിനകത്ത് ചാവേര്‍ സ്ഫോടനം നടത്തിയവരെന്ന് സംശയം തോന്നിയവര്‍ക്കൊപ്പം കണ്ട ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ബെല്‍ജിയം പൊലീസ് ഊര്‍ജ്ജിതമാക്കി. സ്ഫോടന ശേഷം നജിം ഇവിടെനിന്ന് കടന്ന് കളഞ്ഞതായി സംശയിക്കുന്നു.

വെള്ള കോട്ടും തലയില്‍ തൊപ്പിയും ധരിച്ച ഇയാള്‍ സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ചാവേറുകള്‍ ആണെന്ന് കരുതുന്ന രണ്ട് പേരുടെ ഒപ്പം നജിം സഞ്ചരിക്കുന്നതാണ് വിഡിയോയില്‍ പതിഞ്ഞത്. കറുത്ത വേഷത്തില്‍ ട്രോളി ഉന്തി നീങ്ങുന്ന രണ്ടുപേരെ തിരിച്ചറിഞ്ഞതായി നേരത്തെ ആര്‍.ടി.ബി.എഫ് പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന പാരിസ് ആക്രമണക്കേസിലെ പ്രതികള്‍ ഉപയോഗിച്ചെന്നു കരുതുന്ന വീട്ടില്‍ നിന്നും ലാക്ര്യുവിന്‍റെ ഡി.എന്‍.എ സാമ്പിളുകൾ കണ്ടെത്തിയിരുന്നതായി കേസിലെ പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു. പാരിസ് ആക്രമണക്കേസിലെ പ്രതിയെന്നു സംശയിക്കുന്ന സാലിഹ് അബ്ദുസ്സലാമിനൊപ്പം നജിം ഹംഗറിയിലേക്ക് യാത്ര ചെയ്തിരുന്നതായും അവര്‍ പറയുന്നു. സാലിഹ് അബ്ദുസ്സലാമിനെ അഞ്ചു ദിവസം മുമ്പ് ബ്രസല്‍സില്‍വെച്ച് അറസ്റ്റ് ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.