ബ്രസല്‍സ് സ്ഫോടനം; തുര്‍ക്കിയുടെ മുന്നറിയിപ്പ് ബെല്‍ജിയം അവഗണിച്ചെന്ന് ഉർദുഗാൻ


ഇസ്താംബൂള്‍: ബ്രസല്‍സ് ഭീകരാക്രമണം സംബന്ധിച്ച് തുര്‍ക്കിയുടെ മുന്നറിയിപ്പ് ബെല്‍ജിയം അവഗണിച്ചതായി തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ചാവേര്‍ സ്ഫോടനം നടത്തിയ സഹോദരന്‍മാരിലൊരാളായ ഇബ്റാഹീം അല്‍ ബക്റൂവിയെ കഴിഞ്ഞ വര്‍ഷം ജൂണില്‍ സിറിയന്‍ അതിര്‍ത്തിയില്‍ വെച്ച് തുര്‍ക്കി പിടികൂടുകയും പിന്നീട് നെതര്‍ലാന്‍റ്സിലേക്ക് നാടുകടത്തുകയും ചെയ്തിരുന്നു. ഇക്കാര്യം തുര്‍ക്കിയിലെ ബെല്‍ജിയന്‍ എംബസിയില്‍ അറിയിച്ചിരുന്നെന്നും എന്നാല്‍ ഇയാളെ കുറിച്ച് യാതൊരു അന്വേഷണവും ബെല്‍ജിയം നടത്തിയില്ളെന്നുമാണ് തുര്‍ക്കി വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇയാള്‍ എങ്ങനെയാണ്  നെതര്‍ലാന്‍റ്സില്‍ നിന്നും ബെല്‍ജിയത്തിലേക്കത്തെിയതെന്ന് ഉര്‍ദുഗാന്‍ വ്യക്തമാക്കിയില്ല.

അതേസമയം ബെല്‍ജിയന്‍ സര്‍ക്കാര്‍ ഇതേകുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല. ബക്റൂവിയുട ചിത്രം വിമാനത്താവളത്തിലെ കാമറയില്‍ പതിയുകയും വിരലടയാളം വഴി ഇയാളെ തിരിച്ചറിയാനും കഴിഞ്ഞിട്ടുണ്ട്. രണ്ടാമത്തെ ചാവേര്‍ സ്ഫോടനം നടത്തിയ ആളെ തിരിച്ചറിഞ്ഞിട്ടില്ളെന്നും മെട്രോ സ്റ്റേഷനില്‍ പൊട്ടിത്തെറിച്ചത് ബക്റൂവിയുടെ സഹോദരനായ ഖാലിദ് ആണെന്നും പൊലീസ്  പറഞ്ഞു. പരിസര പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 15 കിലോ സ്ഫോടക വസ്തുക്കളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലെ പ്രധാന വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനിലുമുണ്ടായ സ്ഫോടനത്തില്‍ 31പേര്‍ മരിക്കുകയും 270 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിന്‍െറ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.