ലണ്ടൻ∙ നഗരത്തിന്റെ മേയറായി അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ട പാക് വംശജൻ സാദിഖ് ഖാൻ നിസ്ഡനിലെ പ്രസിദ്ധമായ ശ്രീ സ്വാമി നാരായൺ ക്ഷേത്രം സന്ദർശിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായി. ക്ഷേത്രത്തിനകത്ത് വിശ്വാസികളുമായി സംവദിക്കുകയും ക്ഷേത്രാചാരങ്ങളിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. ഒരു ചിത്രത്തിൽ ഹിന്ദു പുരോഹിതൻ അദ്ദേഹത്തിൻെറ കയ്യിൽ ചരട് കെട്ടിക്കൊടുക്കുന്നത് ദൃശ്യമാണ്.
സ്വാമി നാരായൺ ക്ഷേത്രം ലണ്ടനിലെ എന്റെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് , അത് വീണ്ടും സന്ദർശിക്കാൻ സാധിച്ചതിലൂടെ ഈ വാരാന്ത്യം മികച്ചതായിരിക്കുന്നു- അദ്ദേഹം വ്യക്തമാക്കി. മേയറെന്ന നിലയിൽ ലണ്ടനിലെ ഇന്ത്യൻ സമൂഹത്തിന് വേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ലണ്ടന്റെ ചരിത്രത്തിലെ ആദ്യത്തെ കുടിയേറ്റക്കാരനായ മേയറാണ് നാൽപത്തഞ്ചുകാരനായ ഖാൻ. ലേബർ പാർട്ടി നേതാവായ സാദിഖ് ഖാൻ കൺസർവേറ്റീവ് പാർട്ടിയിലെ (ടോറി) സാക് ഗോൾഡ് സ്മിത്തിനെ തോൽപിച്ചാണ് പുതിയ രാഷ്ട്രീയ ചരിത്രമെഴുതിയത്. ഇതോടെ എട്ടുവർഷത്തിലേറെയായി ലണ്ടനിൽ തുടർന്നുവന്ന ടോറി ഭരണത്തിന് അന്ത്യമായിരുന്നു. കഴിഞ്ഞവർഷം പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട ബോറീസ് ജോൺസണായിരുന്നു എട്ടുവർഷമായി ലണ്ടൻ മേയർ.
ഇന്ത്യാ പാക് വിഭജനത്തെത്തുടർന്ന് 1947ൽ പാക്കിസ്ഥാനിലേക്ക് കുടിയേറിയതാണ് സാദിഖ് ഖാന്റെ മുത്തച്ഛനും കുടുംബവും. പിന്നീട് ഖാന്റെ മാതാപിതാക്കൾ ലണ്ടനിലേക്ക് കുടിയേറുകയായിരുന്നു. ഇവർ ബ്രിട്ടണിൽ എത്തിയശേഷമായിരുന്നു സാദിഖിന്റെ ജനനം. സൗത്ത് ലണ്ടനിൽ ജനിച്ച സാദിഖ് നോർത്ത് ലണ്ടൻ യൂണിവേഴ്സിറ്റിയിൽനിന്നും നിയമബിരുദം നേടി. ഒപ്പം സോളിസിറ്ററായി ജോലിചെയ്തിരുന്ന സാദിയ അഹമ്മദാണ് ഭാര്യ. ആനിസാ, അമറാ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.