പകുതിയിലേറെ അഭയാര്‍ഥികളെ സ്വീകരിക്കുന്നത് ദരിദ്ര രാജ്യങ്ങളെന്ന് ആംനസ്റ്റി

ലണ്ടന്‍: ആഗോള സമ്പദ്ഘടനക്ക് 2.5 ശതമാനം മാത്രം സംഭാവന നല്‍കാന്‍ ശേഷിയുള്ള പത്തു രാജ്യങ്ങളാണ് ലോകത്തെ പകുതിയിലേറെ അഭയാര്‍ഥികളെയും സ്വീകരിക്കുന്നതെന്ന് ആംനസ്റ്റി. അഭയാര്‍ഥി ദുരിതത്തിന്‍െറ എല്ലാ ഭാരവും തനിച്ച് പേറാന്‍ ഈ രാജ്യങ്ങളെ സമ്പദ് രാഷ്ട്രങ്ങള്‍ വിടുകയാണെന്നും മനുഷ്യാവകാശ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
അസന്തുലിതത്വം ആഗോള അഭയാര്‍ഥി പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കുകയാണെന്നും പ്രമുഖ രാജ്യങ്ങള്‍ ഇടം അനുവദിക്കാത്തതുമൂലം യൂറോപ്പിലേക്കും ആസ്ട്രേലിയയിലേക്കും അപകടകരമായ യാത്രകള്‍ക്ക് ഇവര്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ലോകത്താകമാനമുള്ള 2.1 കോടി അഭയാര്‍ഥികളില്‍ 56 ശതമാനവും പശ്ചിമേഷ്യന്‍-ആഫ്രിക്കന്‍-ദക്ഷിണേഷ്യന്‍ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്.
 ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിച്ചത് ജോര്‍ഡന്‍ ആണ് -27 ലക്ഷം. 25 ലക്ഷം പേരെ സ്വീകരിച്ച് രണ്ടാം സ്ഥാനത്ത് തുര്‍ക്കിയും 16 ലക്ഷം അഭയാര്‍ഥികളെ വരവേറ്റ് പാകിസ്താന്‍ മൂന്നാം സ്ഥാനത്തുമുണ്ട്.
ഇറാന്‍, ഇത്യോപ്യ, കെനിയ, ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോ, ഛാഡ് എന്നീ രാജ്യങ്ങളാണ് മറ്റുള്ളവ.  സ്വാഭാവികമായും ഈ  അസന്തുലിതാവസ്ഥ തുടരുമെന്നും സിറിയ, ദക്ഷിണ സുഡാന്‍, അഫ്ഗാനിസ്താന്‍, ഇറാഖ് എന്നിവിടങ്ങളില്‍നിന്ന് പലായനം ചെയ്യുന്ന ജനലക്ഷങ്ങള്‍ അഭിമുഖീകരിക്കുന്നത് പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങളും കഷ്ടതകളും ആണെന്നും ആംനസ്റ്റി സെക്രട്ടറി ജനറല്‍ സലില്‍ ഷെട്ടി പറഞ്ഞു.  
ലോകത്തെ സമ്പന്ന രാഷ്ട്രങ്ങള്‍ പ്രതിവര്‍ഷം പത്ത് ശതമാനം അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കാന്‍ തയാറാവുക എന്ന പരിഹാര നിര്‍ദേശവും ആംനസ്റ്റി മുന്നോട്ടുവെക്കുന്നു.
വിഷയത്തില്‍ വളരെ ഗൗരവമേറിയ, നിര്‍മാണാത്മകമായ സംവാദങ്ങള്‍ക്കും യുദ്ധത്താലും സംഘര്‍ഷങ്ങളാലും വീടും നാടും ഉപേക്ഷിക്കേണ്ടി വരുന്നവര്‍ക്ക് വേണ്ട സഹായം നല്‍കാനും ലോക നേതാക്കള്‍ ഇറങ്ങേണ്ട സമയമാണിതെന്നും ഷെട്ടി കൂട്ടിച്ചേര്‍ത്തു.

 

Tags:    
News Summary - amnesty refugee crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.