ലണ്ടൻ: കമ്പ്യൂട്ടർ തകരാറിനെതുടർന്ന് റദ്ദാക്കിയ ബ്രിട്ടീഷ് എയർവേസിെൻറ ചില വിമാനങ്ങൾ മാത്രം സർവിസ് പുനരാരംഭിച്ചു. ലണ്ടനിലെ ഹീത്രു, ഗാട്വിക് വിമാനത്താവളങ്ങളിലെ സർവിസുകളാണ് പുനരാരംഭിച്ചത്. വെബ്സൈറ്റിലെ ഒരു ഭാഗത്ത് വിവരങ്ങളൊന്നും ലഭ്യമാകാതെ വന്നതോടെയാണ് തകരാർ ശ്രദ്ധയിൽപെട്ടത്. യാത്രക്കാർക്ക് മൊബൈൽ ആപ്പിലൂടെയും വിവരങ്ങൾ ലഭ്യമായിരുന്നില്ല. തുടർന്ന് ഹീത്രുവിമാനത്താവളത്തിൽ ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങി.
യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ അധികൃതർ ക്ഷമചോദിച്ചിരുന്നു. മറ്റ് വിമാനങ്ങൾ ബുക്കുചെയ്യുന്നതിന് സഹായിക്കുമെന്നും യാത്രക്കാർക്കുണ്ടായ സാമ്പത്തികനഷ്ടം പരിഹരിക്കുമെന്നും എയർലൈൻസ് അറിയിക്കുകയും ചെയ്തു. വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ എല്ലാ ചെലവുകളും വഹിക്കാൻ തയാറാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഹോട്ടൽമുറികൾ എടുത്തവർക്കും ഭക്ഷണത്തിനുമായുള്ള ചെലവുകളും വിമാനകമ്പനി തിരിച്ചുനൽകും.
നിരവധി യാത്രക്കാർക്ക് അവരുടെ ലഗേജുകൾ ലഭിച്ചില്ലെന്നും പരാതി ഉയർന്നു. അതേസമയം, ഹീത്രൂവിമാനത്താവളത്തിൽ യാത്രക്കാരുടെ ദുരിതം തുടരുകയാണ്.
തുടർച്ചയായ രണ്ടാംദിവസവും ഇവിടെ നിന്ന് പുറപ്പെടേണ്ട മൂന്നിലൊന്ന് വിമാനസർവിസുകളും തടസ്സപ്പെട്ടു. ഗാട്വിക് വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾ വൈകിയാണ് സർവിസ് പുനരാരംഭിച്ചതെങ്കിലും സർവീസുകളൊന്നും റദ്ദാക്കിയില്ല.
ഞായറാഴ്ച ഗാട്വിക്, ഹീത്രൂ വിമാനത്താവളങ്ങളിൽ രാവിലെ ആറിനും 11നും ഇടക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങളിൽ കൂടുതലും സർവിസ് പുനരാരംഭിച്ചെന്നായിരുന്നു നേരത്തേയുള്ള റിപ്പോർട്ടുകൾ. ഹീത്രൂവിൽ നിന്ന് 90 വിമാനങ്ങൾ സർവിസ് പുനരാരംഭിച്ചപ്പോൾ 36 എണ്ണം റദ്ദാക്കി. ഗാട്വികിൽ നിന്ന് 17 വിമാനസർവിസുകളാണ് പുനരാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.